പത്തനംതിട്ട : ലോക് ഡൗൺ കാലയളവിൽ കമ്മ്യൂണിറ്റി കിച്ചൺ നടത്തിയും സേവന പ്രവർത്തനങ്ങളിലൂടെയും പത്തനംതിട്ട ജില്ലാ സ്‌പോർട്സ് കൗൺസിൽ മാതൃകയായി.
വെട്ടിപ്രം സ്‌പോർട്സ് ഹോസ്റ്റലിലായിരുന്നു കിച്ചൺ. എല്ലാദിവസവും 300 പേർക്ക് ഉച്ചഭക്ഷണം നൽകി . നഗരത്തിലെ നാല് കോളനികളിലെ 225 പേരെ കൂടാതെ, സർക്കാർ ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ, തൊഴിലാളികൾ എന്നിവർക്കാണ് ഭക്ഷണം നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളവും അയൂർവേദകിറ്റും നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക്, കായിക ഉപകരണങ്ങളും, ഭക്ഷ്യധാന്യങ്ങളും ഉൾപ്പെട്ട കിറ്റും വിതരണം ചെയ്തു. 25 ദേശീയ, അന്തർദേശീയ കായിക താരങ്ങൾ രക്തം ദാനം ചെയ്തു. ഭക്ഷണം മരുന്ന് വിതരണം എന്നിവയുമായി ബന്ധപ്പെട്ട്' 25 കായിക താരങ്ങളായ സന്നദ്ധപ്രവർത്തകർ ഇപ്പോഴും പ്രവർത്തിച്ചുവരികയാണ്. മൂന്നാംഘട്ട ലോക് ഡൗൺ അവസാനിക്കുന്നത് വരെ വെട്ടിപ്രം സ്‌പോർട്സ് ഹോസ്റ്റലിൽ നിന്നും ഉച്ചഭക്ഷണം നൽകുന്നത് ജില്ലാ സ്‌പോർട്സ് കൗൺസിൽ തുടരും.