പത്തനംതിട്ട: ബിവറേജസ് ഷോപ്പുകളും ബാറുകളും തുറക്കാതായതോടെ കള്ളുകുടിച്ച് ആശ്വാസം കണ്ടെത്താമെന്നുള്ള ജില്ലയിലെ മദ്യപരുടെ മോഹം നടന്നില്ല. സംസ്ഥാനത്ത് ഇന്നലെ മുതൽ കള്ളുഷാപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ജില്ലയിൽ ഒരു ഷാപ്പും തുറന്നില്ല. പുതിയ വർഷത്തേക്കുള്ള ലേലം നടക്കാതിരുന്നതാണ് കാരണം. ഇതറിയാതെ കള്ളുകുടിക്കാൻ രാവിലെ മുതൽ ഷാപ്പുകളിൽ എത്തിയവർ നിരാശരായി മടങ്ങി.
ജില്ലയിൽ 113 ഷാപ്പുകളാണുളളത്. ലേലം നിശ്ചയിച്ചിരുന്നത് മാർച്ച് അവസാനമായിരുന്നു.
ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഷാപ്പ് ലേലം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മല്ലപ്പളളി റേഞ്ചിൽ നിന്ന് 3 പേർ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാനെത്തിയത്. വാടകയിനത്തിൽ 50 ശതമാനം കുറവുവരുത്തിയായിരുന്നു ലേലം.
തിരുവല്ല, മല്ലപ്പള്ളി റേഞ്ചുകളിൽ പാലക്കാടൻ കള്ളും അടൂർ റേഞ്ചിൽ നാട്ടിൽ ചെത്തിയ കള്ളും മറ്റിടങ്ങളിൽ ചിറ്റാർ റേഞ്ചിൽ നിന്നുള്ള പനങ്കള്ളുമാണ് വിറ്റിരുന്നത്.