serly
ഷേർളിയും ഭർത്താവ് ജോസും മകൾ ഗ്രീഷ്മയും കുട്ടികളും

പത്തനംതിട്ട: പനിവന്ന് തൊണ്ടയടച്ചതുപോലെയാണ് റാന്നി ചെറുകുളഞ്ഞി പാറുമലയിൽ ഷേർളിയുടെ (62) ശബ്ദം. പണ്ട് കല്ല്യാണപ്പിറ്റേന്ന് വീടിന്റെ ഒാടിളക്കിയിറങ്ങിയ കള്ളനെക്കണ്ട് പേടിച്ചതിൽപ്പിന്നെയാണ് ശബ്ദം ഇങ്ങനെയായത്. കൊവിഡുണ്ടോയെന്ന് ആരോഗ്യവകുപ്പിന് സംശയം തോന്നിയത് ഇൗ ഒച്ചകേട്ടാണ്. അതുവഴിയാണ് ഷേർളിയും മകളും ചികിത്സയിലൂടെ രക്ഷപ്പെട്ടത്. ശബ്ദം അനുഗ്രഹമാവുകയായിരുന്നെന്ന് ഷേർളിപറയും.

സംസ്ഥാനത്ത് രണ്ടാംഘട്ട വ്യാപനത്തിൽ ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുവാണ് ഷേർലി. പരിശോധനയ്ക്കായി

മാർച്ച് ഏഴിന് ആരോഗ്യ വകുപ്പ് ജീവനക്കാർ വീട്ടിലെത്തിയപ്പോൾ ഷേർളിയുടെ ശബ്ദം കേട്ടാണ് പനിയാണെന്ന് സംശയിച്ചത്..തുടർന്ന് ഷേർളിയേയും ഭർത്താവ് ജോസിനേയും മകൾ ഗ്രീഷ്മയേയും കോഴഞ്ചേരി ജില്ലാ ആശുപത്രയിലേക്ക് മാറ്റി. ഷേർളിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 21 ദിവസം കഴിഞ്ഞ് മകൾ രോഗമുക്തയായി. ഷേർളി 47 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. രോഗം മാറിയിട്ടും ശബ്ദം പഴയപടി തുടർന്നതോടെ സംശയിച്ച ഡോക്ടർമാരോട് അതിന്റെ കാരണവും ഷേർലി പറഞ്ഞു.

കല്ല്യാണപ്പിറ്റേന്ന് രാത്രിയിൽ കള്ളനെക്കണ്ട് ഭയന്നതിനാൽ പിന്നെ ഒച്ച ഇങ്ങനെയാണ്. വെളള നിക്കറിട്ട് ദേഹത്ത് എണ്ണ പുരട്ടി ഒാടിളക്കി ഭിത്തി വഴി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന കള്ളനെക്കണ്ട്. ഭയംകൊണ്ട് കൈയും കാലും തണുത്തു. സർവ ശക്തിയുമെടുത്ത് അലറി.അതുകേട്ട് കള്ളൻ രക്ഷപ്പെട്ടു. പക്ഷേ പിന്നീട് ഷേർളിയുടെ ശബ്ദം അ‌ടഞ്ഞു. ദാമ്പത്യത്തിന്റെ നാൽപ്പത് വർഷം പൂർത്തിയാകുന്നത് ഇൗ വർഷം നവംബറിലാണ്.

തനിക്കും മകൾക്കും കൊവിഡ് ബാധിച്ചപ്പോഴാണ് ജോസ് ജീവിതത്തിൽ ഒറ്റപ്പെട്ടതെന്ന് ഷേർളി പറഞ്ഞു. കർഷകനായ ജോസിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാനായില്ല. ഒറ്റയ്ക്ക് ഭക്ഷണം വച്ച് കഴിഞ്ഞു. അയൽക്കാർ അകന്നു നിന്നു. പ്രതിസന്ധികളെ മറികടന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നതിന്റെ ആശ്വാസത്തിലാണ് കുടുംബം. മകൻ റോഷൻ ഡൽഹിയിലാണ്.