തിരുവല്ല: മാധുര്യമൂറുന്ന ശർക്കര ഉൽപ്പാദനത്തിൽ ഇത്തവണ റെക്കാഡ് നേട്ടമാണ് കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രം സ്വന്തമാക്കിയിരിക്കുന്നത്. 19 ടൺ ശർക്കര ഉൽപ്പാദിപ്പിക്കാനായി. ശർക്കര ഉൽപ്പാദനം കഴിഞ്ഞുള്ള 35 ടൺ കരിമ്പ് ലേലത്തിൽ വിൽപ്പന നടത്താനും സാധിച്ചു. പ്രളയം കാരണം കഴിഞ്ഞ തവണ 11 ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കാനായത്. ലോക്ക് ഡൗൺ കാലത്ത് മിനിമം തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് കരിമ്പ് കൃഷിയും വിളവെടുപ്പും മറ്റു ജോലികളുമെല്ലാം നടത്തിയത്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കരിമ്പ് കൃഷി ചെയ്തുവരുന്നത്. ഇതുകൂടാതെ പാവൽ, പടവലം, പയർ, വെണ്ട, ചീര എന്നിവയുടെ അതുൽപ്പാദനശേഷിയുള്ള വിത്തുകളും ഇവിടെ വികസിപ്പിച്ചെടുത്തു. ഈ പച്ചക്കറി വിത്തുകൾ ജൈവജീവാണുവളം ഉപയോഗിച്ച് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഗവേഷണത്തിലൂടെ വികസിപ്പിച്ച മരച്ചീനി, ഏത്തവാഴ എന്നിവയും ഇവിടുത്തെ കുറെ സ്ഥലത്ത് കൃഷി ചെയ്തുവരുന്നു. പച്ചക്കറിയുടെ വിത്തുകളും കരിമ്പിന്റെ തലപ്പും വാഴക്കന്നും മരച്ചീനി തണ്ടുമെല്ലാം കർഷകർക്കായി വിൽപ്പന നടത്തുന്നുണ്ട്. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിൽ ഏഴ് ശാസ്ത്രജ്ഞരും മറ്റു ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ 25 പേർ ജോലി ചെയ്യുന്നു.
ഗുണമേന്മയുള്ള പതിയൻ ശർക്കര
മണ്ണിന്റെയും കാലാവസ്ഥയുടെയും പ്രത്യേകതയാൽ മധ്യതിരുവിതാംകൂറിലെ പതിയൻ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. 2009ൽ ലഭിച്ച ഈ അംഗീകാരം 2019ൽ പുതുക്കി എടുക്കാനും സാധിച്ചു. നല്ല മധുരവും നിറവും ഗുണമേന്മയും അംഗീകരിച്ചാണ് ഇവിടുത്തെ ശർക്കരയ്ക്ക് അംഗീകാരം ലഭിച്ചത്. മായമില്ലാതെ തനിമയോടെ ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ശർക്കരയ്ക്ക് വിപണിയിലും ഡിമാന്റ് ഏറെയാണ്. ഗവേഷണകേന്ദ്രത്തിലെ വിപണിയിലും സർക്കാരിന്റെ മറ്റു കേന്ദ്രങ്ങളിലും ശർക്കര ലഭിക്കും. ശർക്കര : - ഒരുകിലോ 150 രൂപ
മണിമലയാറിന്റെ തീരത്തുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2018ലെ പ്രളയത്തെത്തുടർന്നു ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. അതെല്ലാം അതിജീവിച്ചാണ് കൂടുതൽ കരിമ്പും ശർക്കരയും മറ്റും ഉൽപ്പാദിപ്പിച്ചത്.
ഡോ.വി. ഇന്ദിര,
കല്ലുങ്കൽ കാർഷിക ഗവേഷണകേന്ദ്രം മേധാവി
കൃഷിചെയ്ത കരിമ്പിനങ്ങൾ
മാധുരി, മധുരിമ, മധുമതി, തിരുമധുരം, ആരോമൽ, അഭയ്.
കൃഷി ചെയ്തത്: 9 ഹെക്ടർ, ശർക്കര ഉൽപ്പാദനം : 19 ടൺ