വടശേരിക്കര: പെട്രോൾ പമ്പ് ജീവനക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയെ മണ്ണ് മാഫിയ ആക്രമിച്ചതായി പരാതി.പെരുനാട് മടത്തുമൂഴിയിൽ പ്രവർത്തിക്കുന്ന വിശ്വനാഥ ഫ്യൂവൽസിലെ ജീവനക്കാരനായ ജാർഖണ്ഡ് കോഡർമ സ്വദേശി മനോജ് ദാസിന് (38) ആണ് ബുധനാഴ്ച രാത്രി 10ന് മർദ്ദനമേറ്റത്. ഒരു സംഘം ആളുകൾ പമ്പിൽ കയറി ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ മണ്ണ് മാഫിയയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് പമ്പ് ഉടമ ആരോപിച്ചു. പെരുനാട് സ്വദേശി സെബാസ്റ്റ്യനും മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ മനോജ് ദാസിനെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു .സംഭവത്തിൽ ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.