പത്തനംതിട്ട: കോന്നി വനം ഡിവിഷനിലെ പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ ഫയർ വാച്ചർ വയക്കര ഒരേക്കർ സ്വദേശി മധുവിനെ അറസ്റ്റ് ചെയ്തു. തടി കടത്താൻ ഉപയോഗിച്ച വയക്കര സ്വദേശി ഷമീറിന്റെ കെ.എൽ. 03 എ.സി. 1571 മഹീന്ദ്ര പിക്കപ്പ് വാൻ പിടിച്ചെടുത്തതായി കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ പത്രക്കുറിപ്പിൽ അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തടി കടത്ത് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. മാർച്ച് അവസാനം നടന്ന വനംകൊളള സംബന്ധിച്ച് ഏപ്രിൽ 18 മുതൽ കേരളകമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെയാണ് ഡി.എഫ്.ഒ വിശദീകരണം പുറത്തിറക്കിയത്.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് ഡി.എഫ്.ഒയുടെ വിശദീകരണം. നഷ്ടപ്പെട്ട തടികളിൽ അഞ്ച് ക്യുബിക് മീറ്ററോളം കൊല്ലം ചന്ദനത്തോപ്പിലെ തടി മില്ലിൽ നിന്ന് പിടിച്ചെടുത്തതായി ഡി.എഫ്.ഒ അറിയിച്ചു. രണ്ടു മരങ്ങളിൽ നിന്നുളള ഒരു ക്യുബിക് മീറ്ററോളം തടിയാണ് ഇനി കണ്ടെത്താനുള്ളത്. എട്ട് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
നടുവത്തുമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ 20 അംഗങ്ങളുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസിന്റെ സഹായവും തേടി.
പ്രധാന പ്രതിയെ ഈ മാസം 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് വന്നതിനാലാണ് കൂടുതൽ നടപടികൾ ഉണ്ടാകാത്തത്. മേയ് ആറ്, ഏഴ് തീയതികളിൽ വനം വകുപ്പ് വിജിലൻസ് വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കേസുകളുടെ വിശദാംശങ്ങൾ കോന്നിയിലെത്തി അവലോകനം ചെയ്യുകയും രണ്ട് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ നടപടി
കുറ്റകൃത്യങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് ഡി.എഫ്.ഒ പറഞ്ഞു. ഉദ്യോഗസ്ഥർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി തെളിവു ലഭിച്ചാൽ കർശനമായ അച്ചടക്ക നടപടിയും വനം നിയമപ്രകാരമുളള നടപടിയും സ്വീകരിക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു. അന്വേഷണത്തെ തടസപ്പെടുത്തുന്ന തരത്തിൽ മന്ത്രിയുടെ ഓഫീസോ ജനപ്രതിനിധികളോ സർവീസ് സംഘടനാ ഭാരവാഹികളോ ഇടപെടൽ നടത്തിയിട്ടില്ല. ബാക്കി പ്രതികളെയും തൊണ്ടിയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ നടുവത്തുമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനുകളിൽ തേക്കു തോട്ടങ്ങളിൽ നിന്ന് നാല് തേക്ക് മരങ്ങൾ മുറിച്ച് വാഹനത്തിൽ കടത്തിയതിന് ഇക്കഴിഞ്ഞ മാർച്ച് അവസാനം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പാടം സ്റ്റേഷൻ പരിധിയിൽ രണ്ടു മരങ്ങൾ കൂടി മുറിച്ച് ഒരെണ്ണം കടത്തിക്കൊണ്ടു പോയതായും കരിപ്പാൻതോട് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റ് രണ്ട് മരങ്ങളിൽ നിന്ന് തടി മുറിച്ചു കടത്തിയതായും കണ്ടെത്തിയെന്ന് ഡി.എഫ്.ഒ അറിയിച്ചു.