റാന്നി: പേഴുംപാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ തിരയുന്ന വനംവകുപ്പ് സംഘത്തോടൊപ്പം പൊലീസിന്റെ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ മൂന്നു ഷാർപ്പ് ഷൂട്ടർമാരെക്കൂടി നിയോഗിച്ചു.
വനംവകുപ്പ് മന്ത്രി കെ.രാജുവിനോട് ഇത് സംബന്ധിച്ച് എം.എൽ.എമാരായ കെ.യു. ജനീഷ് കുമാറും രാജു ഏബ്രഹാമും ആവശ്യം ഉന്നയിച്ചിരുന്നു. വനംമന്ത്രി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡി.ജി.പിയാണ് വനം വകുപ്പ് സംഘത്തോടൊപ്പം പൊലീസിനെക്കൂടി നിയോഗിച്ച് ഉത്തരവിട്ടത്. ഇവർ ഇന്നലെ ചുമതലയേറ്റു.
കടുവഭീതി മൂലം സന്ധ്യ ആയാൽ ആർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. പകൽ പോലും ഒറ്റയ്ക്ക് എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥ. കർഷകരും ടാപ്പിംഗ് തൊഴിലാളികളും ഉൾപ്പെടെ എല്ലാവരും ഭീതിയിലാണ്. കന്നുകാലികളുടെ ജീവനും കടുവ ഭീഷണിയിലായിരിക്കുന്നത് ക്ഷീരകർഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓരോ ദിവസവും പല മേഖലകളിലേക്ക് കടുവ മാറി പോകുന്നതും തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം എം.എൽ.എമാർ വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.