മല്ലപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മികവിന് യു.കെയിൽ റേസിംഗ് ഹീറോയായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ് അടൂർ താലൂക്ക് ആശുപത്രിയിലെ മുൻ സ്റ്റാഫ് നഴ്സ് അനുപമ സുരേഷ്. യു.കെ ടെൽഫോർഡ് പ്രിൻസസ് റോയൽ ആശുപത്രിയിലെ ഫ്രണ്ട് ലൈൻ വിഭാഗത്തിൽ നിന്ന് ആറുപേരെയാണ് റേസിംഗ് ഹീറോ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
മല്ലപ്പള്ളി ഈസ്റ്റ് ചാത്തനാട്ട് വീട്ടിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായിരുന്ന സുരേഷിന്റെയും ഹോമിയോ ഡോക്ടറായ ചന്ദ്രമുഖിയുടെയും മൂത്തമകൾ അനുപമ സുരേഷ് നാട്ടിലെ ജോലിയിൽ നിന്ന് ലീവെടുത്ത് കഴിഞ്ഞ ജനുവരി 31ന് വിദേശത്ത് പോകുകയായിരുന്നു.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓഡേപെക് (ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൗൺസിൽ) വഴി നാഷണൽ ഹെൽത്ത് സർവീസിലേക്ക് രജിസ്റ്റർ ചെയ്ത് ഓൺലൈൻ ഇന്റർവ്യൂ പാസായാണ് മറ്റു 22 ഉദ്യോഗാർത്ഥികൾക്കൊപ്പം യു.കെയിൽ എത്തുന്നത്. ജോലി സ്ഥിരപ്പെടണമെങ്കിൽ ബിരുദത്തിനൊപ്പം ഇംഗ്ലീഷ് ഭാഷാ കൈകാര്യം ചെയ്യുവാനുള്ള അവിടുത്തെ യോഗ്യതയും നേടണം. ഇതിനായുള്ള ശ്രമത്തിനിടെയാണ് കൊവിഡ് -19 വ്യാപിച്ചത്.
ഗവ. സർവീസിൽ നഴ്‌സായി കയറുവാനുള്ള ക്ലിനിക്കൽ പരിശീലനം അവിടെ നടക്കുന്നതിനിടെ നിർബന്ധമായി പാസാകേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് ലഭിച്ചു. ഇതിനിടെ രോഗവ്യാപനം കുതിച്ചുയർന്നു. മരണനിരക്കും കൂടി.
രോഗവ്യാപന പശ്ചാത്തലത്തിൽ നഴ്‌സ്മാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലിക പിൻ നമ്പർ നൽകി അനുപമയേയും സംഘത്തെയും ഉപാധികളോടെ ആശുപത്രി അധികൃതർ ജോലിയിൽ തുടരാൻ അനുവദിച്ചു. ഇതിനിടെ കൊവിഡ് രോഗികൾ ആശുപത്രിയിൽ കൂട്ടമായെത്തി. ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുകാട്ടിയതിന് ആശുപത്രി അധികൃതർ അഞ്ച് വിദേശകൾക്കൊപ്പം അനുപമയെയും തിരഞ്ഞെടുക്കുകയായിരുന്നു.
കൊല്ലം നീണ്ടകര ഗവ. ആശുപത്രി സ്റ്റാഫ് നഴ്‌സും കേരളാ ഗവ. നഴ്‌സസ് യൂണിയൻ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ഗോപകുമാറാണ് ഭർത്താവ്.
.