പത്തനംതിട്ട: കോന്നി പാടം, കരിപ്പാൻതോട് വനമേഖലയിൽ നിന്ന് കൂറ്റൻ തേക്കുമരങ്ങൾ കടത്തിയ കേസിന്റെ അന്വേഷണം തടിവെട്ടി പുറത്തേക്ക് എത്തിച്ച തൊഴിലാളികളിലും പ്രദേശവാസികളിലും ഒതുക്കാൻ നീക്കം.തടി മുറിച്ചു കടത്താൻ ആസൂത്രണം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയത്തണലിൽ സുരക്ഷിതരായി.രാഷ്ട്രീയ,സർവീസ് സംഘടനാ സ്വാധീനം ഉപയോഗിച്ച് എല്ലാ നിയമസഹായവും നൽകാമെന്ന ഈ വനപാലകരുടെ ഉറപ്പിലാണ് പ്രതികളിൽ ഒരാളായ ഫയർ വാച്ചർ ഒരേക്കർ സ്വദേശി മധു കീഴടങ്ങിയത്. ഇടത് രാഷ്ട്രീയ സംഘടനകളിലെ അഭിഭാഷകരെ ഇയാളുടെ കേസ് ഏൽപ്പിച്ചു.അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതി ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. എട്ട് തേക്ക് മരങ്ങൾ മുറിച്ച് പിക്കപ്പ് വാനിൽ കല്ലേലി ചെക്ക് പോസ്റ്റ് വഴി കടത്തിയതിന് മധു ഉൾപ്പെടെ നാല് പേർക്കെതിരെ മാത്രമാണ് നടുവത്തുമൂഴി റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. മാർച്ച് അവസാനം എടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത വിവരം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോന്നി ഡി.എഫ്.ഒ പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്.പ്രധാന പ്രതി മുൻകൂർ ജാമ്യം നേടിയതായും പറയുന്നു.എന്നാൽ,ആകെ എത്ര പ്രതികളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും പറയുന്നുണ്ട്.തടികൾ വെട്ടിക്കടത്താൻ കോന്നി വനം ഡിവിഷന്റെ ക്വാർട്ടേഴ്‌സിൽ പല രാത്രികളിലായി നടന്ന ആസൂത്രണത്തിൽ പങ്കെടുത്ത വനപാലകരെ ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞില്ല.സഹപ്രവർത്തകർ നടത്തുന്ന അന്വേഷണ നീക്കങ്ങൾ മണത്തറിഞ്ഞ് അവർ രക്ഷപെടാനുളള തന്ത്രങ്ങൾ മെനഞ്ഞു.മൊബൈൽ സിം കാർഡുകൾ പലത് ഉപയോഗിച്ച് തടി വെട്ടിയ പ്രദേശവാസികളുമായി ബന്ധപ്പെടുന്നു.


ഒളിയിടം ഒരേക്കർ


അറസ്റ്റിലായ ആളിന്റെ കൂട്ടുപ്രതികളായ മൂന്നു പേർ വയക്കര ഒരേക്കർ ഭാഗത്തെ വീടുകളിൽ തന്നെയുണ്ടെന്നാണ് സൂചന.ഈ ഭാഗത്ത് പരിശോധന നടത്താൻ അന്വേഷണ സംഘം തയാറായിട്ടില്ല.കാട്ടാത്തിപ്പാറ ഭാഗത്തേക്കുള്ള ഒരു റോഡ് മാത്രമാണ് ഒരേക്കറിലേക്കുള്ള വഴി. ആര് വന്നാലും പ്രതികൾക്കും കൂട്ടാളികൾക്കും തിരിച്ചറിയാൻ കഴിയും.സമീപത്തെ പാറമുകളിൽ കയറി വനത്തിലേക്ക് മറയാം.നീരാമക്കുളം,അപ്പൂപ്പൻതോട് വഴിയും വനത്തിനുള്ളിൽ ഒളിക്കാം.തടി കടത്തിയ സംഭവം കേരളകൗമുദിയിലൂടെ പുറത്തുവന്നത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷമാണ്.പ്രതികൾ വാഹനങ്ങളിൽ പുറത്തേക്ക് പോകാൻ സാദ്ധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.