കോന്നി : നാട്ടിൽ ഇറങ്ങി ആക്രമണം നടത്തുന്ന കാട്ടുപന്നികൾക്ക് നേരെയുള്ള സംസ്ഥാനത്തെ ആദ്യ ഷൂട്ട് അറ്റ് സൈറ്റാണ് കോന്നി അരുവാപ്പുലത്ത് ഇന്നലെ വനം വകുപ്പ് നടപ്പാക്കിയത്.നാട്ടിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ കൊന്നൊടുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ മാർച്ച് എട്ടിന് കോന്നി ഡി.എഫ്.ഒ കെ.എൻ.ശ്യാം മോഹൻലാൽ ഉത്തറവിട്ടെങ്കിലും ചില സാങ്കേതിക തടസങ്ങൾ കാരണം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.കടുവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോന്നിയിൽ എത്തിയ മന്ത്രി കെ.രാജുവിന്റെ ശ്രദ്ധയിൽ ഇക്കാര്യം കെ.യു.ജനീഷ് കുമാർ എം.എൽ.എ ധരിപ്പിച്ചതിനാലാണ് അടിയന്തര ഉത്തരവ് നൽകിയത്.

ഉത്തരവിന്റെ സാഹചര്യം

കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചിരുന്നു.പന്നിയുടെ ആക്രമണം മൂലം മനുഷ്യർക്ക് പരിക്കേറ്റ നിരവധി സംഭവങ്ങൾ കോന്നിയിൽ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് പന്നിയെ കൊല്ലാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യോഗതീരുമാനം ഡി.എഫ്.ഒ യെ അറിയിച്ചു.തുടർന്ന് അക്രമകാരിയായ പന്നിയയെ കൊലപ്പെടുത്താൻ ഡി.എഫ്.ഒ റേഞ്ച് ഓഫീസറെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തെ സഹായിക്കാൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാർ,ഫോറസ്റ്റർ,ബി.എഫ്.ഒ,ഫോറസ്റ്റ് വാച്ചർ, ഡ്രൈബൽ വാച്ചർ എന്നീ തസ്തികകളിൽ തോക്ക് കൈകാര്യം ചെയ്യാൻ അറിയാവുന്നവരെയും നിയമിച്ചു.

നിബന്ധനകൾക്ക് വിധേയമായ തീരുമാനം

മനുഷ്യജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഡി.എഫ്.ഒ മാർക്കും സംരക്ഷിത മേഖലകളിൽ വൈൽഡ് ലൈഫ് വാർഡറിനും നൽകി 2019 ൽചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയിട്ടുണ്ട്.നിബന്ധനകൾക്ക് വിധേയമായി അക്രമകാരികളായ പന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവും ഉണ്ട്.എന്നാൽ കർശന നിബന്ധനയിലെ നൂലാമാലകളാണ് ഇത്രയും വൈകിച്ചത്.


-------------------------------------------------

കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള കർശന നടപടികളുമായി മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ആദ്യ ഷൂട്ട് അറ്റ് സൈറ്റ് കോന്നിയിൽ നടപ്പാക്കിയത്.

കെ.യു. ജനീഷ് കുമാർ

(എം.എൽ.എ)

----------------------------------------------

നിബന്ധനകൾക്ക് അനുസൃതമായുള്ള നടപടിയാണ് കോന്നി അരുവാപ്പുലത്ത് വനം വകുപ്പ് നടപ്പാക്കിയത്.

കെ.എൻ. ശ്യാം മോഹൻലാൽ

(കോന്നി ഡി.എഫ്.ഒ)