ഇലന്തൂർ: ഉന്നത നിലവാരത്തിൽ തുടങ്ങിയ ഇലന്തൂർ - ഓമല്ലൂർ റോഡ് പണിയിലെ ക്രമക്കേട് അന്വേഷിക്കാൻ മന്ത്രി ജി.സുധാകരൻ ഉത്തരവിട്ടു.ബി.എം.ബി.സി നിലവാരത്തിലുളള റോഡ് പണിയിൽ കരാറുകാരനും ഉദ്യോസ്ഥരും ചേർന്ന് വൻ ക്രമക്കേട് നടത്തിയതായാണ് പരാതി.7.850 കിലോമീറ്റർ നീളമുളള റോഡിന്റെ നിർമ്മാണം രണ്ട് കരാറുകാർക്കാണ് നൽകിയത്.നെടുവേലി മുക്ക് ജംഗ്ഷൻ മുതൽ ഇലന്തൂർ കുളം ജംഗ്ഷൻ വരെയുളള ഒരു കിലോമീറ്ററോളം ഒരു കരാറുകാരൻ പണി പൂർത്തിയാക്കിയിരുന്നു.രണ്ടാമത്തെ കരാറുകാരൻ അടുത്തിടെ ഏറ്റെടുത്ത ആറ് കിലോമീറ്റർ ദൈർഘ്യമുളള പണികളെപ്പറ്റി വ്യാപക പരാതികളാണ് ഉയർന്നത്.നിർമ്മാണത്തിലെ അശാസ്ത്രീയത എൻജിനിയറിംഗ് വൈദഗ്ദ്ധ്യമുളള നാട്ടുകാരിൽ ചിലർ പൊതുമരാമത്ത് റോഡ് വിഭാഗം എൻജിനിയർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനാൽ മന്ത്രിക്ക് പരാതി നൽകി.ഇതേ തുടർന്നാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.അതേസമയം,മന്ത്രിയുടെ ഉത്തരവിനെപ്പറ്റി അറിയില്ലെന്നും പണികൾ തുടരുകയാണെന്നും റോഡ് വിഭാഗം അസി.എൻജിനിയർ പറഞ്ഞു.
@ നിലവിലെ റോഡ് 5.5മീറ്റർ വീതി
@ പുനർനിർമാണം വശങ്ങൾ ഏറ്റെടുത്ത് 7മീറ്ററിൽ.
@ പദ്ധതി ചെലവ് 7.5 കോടി
ക്രമക്കേടുകൾ ഇങ്ങനെ
@ പലയിടത്തും വശങ്ങളിൽ വീതി കൂട്ടിയില്ല.വീതികൂട്ടിയ ഭാഗങ്ങളിൽ ഒരു വശത്ത് എഴുപതും മറുവശത്ത് മുപ്പതും സെന്റിമീറ്റർ താഴ്ചയിലാണ് മണ്ണ് നീക്കിയത്.ഈ ഭാഗങ്ങളിൽ മെറ്റലും മണ്ണും വേണ്ടത്ര കനത്തിൽ ഇട്ടില്ല.ശക്തിയേറിയ ജെ.സി.ബി നിർമ്മിത റോളർ ഉപയോഗിച്ച് ഉറപ്പിച്ചിട്ടില്ല.സാധാരണ റോളർ ഉപയോഗിച്ച് വേഗതയിൽ ഉറപ്പിച്ചു.
@ റോഡിലെ കയറ്റിറക്കങ്ങളും പീടികപ്പടിയിലെ അപകടകരമായ വളവുകളും അതേപടി നിലനിറുത്തി.
@ മഴ പെയ്ത് വെളളം തളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ടാറിംഗ് നടത്തി.
@ തിരക്കില്ലാത്ത റോഡിൽ ഉദ്യോഗസ്ഥ സാന്നിദ്ധ്യമില്ലാതെ രാത്രിയിൽ ടാർ ചെയ്തു.
@ വീതി കൂട്ടിയ ഭാഗങ്ങളിൽ പണിക്കു മുൻപ് റോഡിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ നടപടിയുണ്ടായില്ല.