16-sumangala-house
കഴിഞ്ഞ ദിവസം കാറ്റിൽ തകർന്ന വീടിനു മുന്നിൽ നിസ്സഹായയായി നിൽക്കുന്ന സുമംഗലയും ഇളയ മകൾ ആർ. നിത്യയും

ചെങ്ങന്നൂർ: പ്രളയം ബാക്കി വെച്ച കൂരയിൽ ദുരിതങ്ങൾ പേറി സുമംഗല. തിരുവൻവണ്ടൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ തയ്യിൽ പുത്തൻവീട്ടിൽ വിധവയായകെ.ബി സുമംഗലയാണ് ദുരിതങ്ങൾ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ മേൽക്കൂരയിലെ കമത്തോടുകളടക്കം ഇളകി തകർന്നു വീണു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം തലനാരിഴക്കാണ് രക്ഷപെട്ടത്.കുട്ടികളുടെ പഠനോപകരണങ്ങൾ,വീട്ടുപകരണങ്ങൾ,വസ്ത്രങ്ങൾ, തയ്യൽ മെഷീൻ എന്നിവയെല്ലാം മഴയിൽ നനഞ്ഞു കുതിർന്നു. ഒരു മുറിക്കുള്ളിലാണ് ഇവർ കഴിഞ്ഞിരുന്നത്. നാട്ടുകാർ ചേർന്ന് മേൽക്കൂരക്കു താല്ക്കാലികമായി ടാർപ്പോളിൻ വലിച്ചുകെട്ടി ചോരാത്ത വിധത്തിൽ സംവിധാനം ചെയ്തു.കുട്ടികൾക്ക് വേണ്ട സംരക്ഷണവും നൽകി. ഏതു നിമിഷവും വീട് തകർന്ന് വീഴുന്ന നിലയിലാണ്.ആർ.നേഹ പത്താം ക്ലാസ് വിദ്യാർത്ഥി (സെന്റ് തോമസ് എച്ച്.എസ്.എസ്തിരുമൂലപുരം), ആർ.നിത്യ (ആറാം ക്ലാസ് തിരുമൂല വിലാസം യു.പി.എസ്). എന്നിവർ മക്കളാണ്.രണ്ടു മുറികളും ചായിപ്പും ഉള്ള ഓടും ആസ്ബറ്റോസ് ഷിറ്റും കൊണ്ട് നിർമ്മിച്ച കൊച്ചു കൂരയാണ് സുമംഗലയുടെ വീട്.ഇലക്ട്രിക്കൽ ടെക്നീഷ്യനായ ഭർത്താവ് സി.റെജികുമാർ കിഡ്നി,ഹൃദയസംബന്ധമായ രോഗബാധയെ തുടർന്ന് 2018 ആഗസ്റ്റ് 5 ന് മരണമടഞ്ഞു.പിന്നീട് കുട്ടികളെ പഠിപ്പിക്കാനും വളർത്താനുമായി തയ്യൽ ജോലി ചെയ്താണ് സുമംഗല വീടു പുലർത്തുന്നത്.വീട്ടിൽ ഇരുന്നാണ് തയ്യൽ ജോലി ചെയ്യുക. ഇപ്പോൾ ലോക് ഡൗൺ ആയതിനാൽ ആരും തന്നെ തയ്ക്കാൻ വരാറില്ല.സുമംഗലിയുടെ മാതാപിതാക്കളായ ബാലനാചാരി 9 വർഷം മുൻപും ശാന്തകുമാരി 2017 ലും മരണമടഞ്ഞു. 2018-ൽ ഉണ്ടായ മഹാപ്രളയത്തിൽ വീട് ഭാഗികമായി തകർന്നു.വീട്ടുപകരണങ്ങൾ എല്ലാം നഷ്ടപ്പെട്ടു.പഞ്ചായത്തിൽ നിന്നും റീമ്പിൽഡ് ഉദ്യോഗസ്ഥർ എത്തി 75 ശതമാനത്തിലേറെ വീടിന് തകർച്ചയുള്ളതായും വീട് വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് എഴുതി പോയിട്ടുള്ളതാണ്.പഞ്ചായത്തിൽ നിന്നും പുതിയ വീടിന് അനുവദിക്കുമെന്നുള്ള പ്രതീക്ഷയോടെ സുമംഗല കാത്തിരുന്നെങ്കിലും വെറും 60000 രൂപ മാത്രമാണ് ലഭിച്ചത്.പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ 15 മുതൽ 29 ശതമാനം വരെ തകർച്ച മാത്രമാണ് രേഖപെടുത്തിയിട്ടുള്ളത് എന്നാണ് അറിയുവാൻ കഴിഞ്ഞതെന്ന് സുമംഗല പറഞ്ഞു.ആധാർ കാർഡ്, റേഷൻ കാർഡ്,ബാങ്ക് പാസ്ബുക്ക്,വീടിന്റെ ആധാരം എന്നിവയുടെ കോപ്പി സഹിതം വീണ്ടും താലൂക്കിൽ റീബിൽഡ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.