തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ സന്ന്യാസിനി വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വൈകുന്നു. സംഭവം കഴിഞ്ഞു ഒരാഴ്ച പിന്നിടുമ്പോഴും മരണത്തിലെ ദുരൂഹതകൾ ബാക്കിയാണ്. കഴിഞ്ഞ ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകൾ ദിവ്യ പി. ജോണിനെ (21) മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പകൽ 12.15ന് മുമ്പ് മരണം സംഭവിച്ചെന്നും വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ ശരീരത്തിലുണ്ടെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. മരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കണം. ദിവ്യയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചതാണ്. റിപ്പോർട്ട് വൈകുന്നതിനാൽ തുടരന്വേഷണവും നിലച്ചു.
സംഭവത്തിന് മുമ്പ് നടന്ന പഠനക്ളാസിൽ മദർ സുപ്പീരിയർ ജോർജ്ജിയ, ദിവ്യയെ വഴക്കു പറഞ്ഞിരുന്നു. ക്ളാസ് കഴിഞ്ഞപ്പോൾ ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ക്‌ളാസിനുശേഷം പുറത്തുപോയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നെന്ന് കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. കിണറ്റിൽ രണ്ടടിയോളം വെള്ളമേ ഉണ്ടായിരുന്നുള്ളുവെന്നും മുങ്ങിമരണത്തിൽ ദുരൂഹതയുള്ളതായും ചിലർ ആക്ഷേപം ഉന്നയിച്ചിരുന്നു.കിണറിന്റെ മേൽമൂടി നീക്കിയതിലും ദുരൂഹത ഉയർന്നിരുന്നു. അതേസമയം ദിവ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്റെ മേൽമൂടി മഠത്തിലുള്ളവർ തന്നെ എടുത്തുമാറ്റിയതാണെന്നും പൊലീസ് വ്യക്തമാക്കി. മരണത്തെ സംബന്ധിച്ച പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഏഴരയടി വെള്ളത്തിലാണ് ദിവ്യ മുങ്ങിക്കിടന്നത്. സംഭവസമയത്ത് സാരിയാണ് ദിവ്യ ധരിച്ചിരുന്നത്. കിണറ്റിലിറങ്ങിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വടംകെട്ടി നിന്നാണ് ദിവ്യയെ ഉയർത്തിയെടുത്തത്. സി.ഐ. പി.എസ്. വിനോദ്,
അന്വേഷണ ഉദ്യോഗസ്ഥൻ.
സാരിയോ നൈറ്റിയോ ?
മരണസമയത്ത് ദിവ്യ ധരിച്ചിരുന്നത് സാരിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ കിണറിൽ ഇറങ്ങി മൃതദ്ദേഹം മുങ്ങിയെടുത്ത ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത് മൃതദേഹത്തിൽ കാണപ്പെട്ടത് നൈറ്റിയാണെന്നാണ്.
ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തി
സന്യാസിനി വിദ്യാർത്ഥി ദിവ്യ പി.ജോണിന്റെ മരണം സംബന്ധിച്ച് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി വി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം നടത്തി. വ്യാഴാഴ്ച സ്ഥലത്തെത്തിയ സംഘം സംഭവ സമയത്ത് ഉണ്ടായിരുന്ന ഫയർഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തിട്ടുണ്ട്. ലോക്കൽ പൊലീസിൽ നിന്ന് കേസ് ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സംഘത്തിന്റെ സന്ദർശനം. ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ ഉത്തരവ് ഉടൻ ഉണ്ടായേക്കും.