തിരുവല്ല: വേനൽമഴ കനത്തതോടെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഭീഷണിയാകുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും ഉൾപ്പെടെയുള്ള സാംക്രമീക രോഗഭീതിക്കൊപ്പം റോഡുകളിലും മറ്റും രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.ചാത്തങ്കരിയിൽ എലിപ്പനി റിപ്പോർട്ട് ചെയ്തതും ജനങ്ങളിൽ ആശങ്കയുയർത്തുന്നു.പെരിങ്ങര പഞ്ചായത്ത് ഓഫീസിന് മുന്നിലും പെരിങ്ങര ജംഗ്ഷന് സമീപത്തുമായി ഏറെക്കാലമായി രൂപപ്പെടുന്ന വെള്ളക്കെട്ട് ഇനിയും പരിഹരിച്ചിട്ടില്ല.പഞ്ചായത്തിലെ 11,12 വാർഡുകളിലെ റോഡുകളിലാണ് വെള്ളക്കെട്ട്.താഴ്ന്ന പ്രദേശങ്ങളിൽ റോഡിനോട് ചേർന്ന് വെള്ളം ഒഴുകിപ്പോകാൻ ഓടനിർമ്മിക്കാത്തതും വാച്ചാൽ തോടുകൾ കൈയേറിയും കെട്ടിയടച്ചും ഇല്ലാതായതോടെയാണ് പ്രദേശത്തെ വെള്ളക്കെട്ട് രൂപപ്പെടാൻ പ്രധാന കാരണം.കാരയ്ക്കൽ പൊടിയാടി കൃഷ്ണപാദം റോഡിലും കാവുംഭാഗം ചാത്തങ്കരി റോഡിലുമാണ് പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.പെരിങ്ങര ജംഗ്ഷനിൽ കൃഷ്ണപാദം റോഡിലെ വെള്ളക്കെട്ട് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്.പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലും പൂത്രവട്ടത്തിൽ പടിയിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പല കച്ചവട സ്ഥാപനങ്ങൾക്കും വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ഓട ശുചീകരണം നടന്നില്ല
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നഗരപ്രദേശങ്ങളിലെ മാലിന്യങ്ങൾ ഓടകളിൽ നിറഞ്ഞു കിടക്കുകയാണ്.കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിലും ശുചീകരണം പലയിടത്തും നടന്നിട്ടില്ല. ഓടകൾ അടഞ്ഞു കിടക്കുന്നതിനാൽ മഴയത്ത് മലിനജലം റോഡിലൂടെ ഒഴുകുകയാണ്. ഓടയിലെ മാലിന്യങ്ങൾ നീക്കാത്തതിനാൽ ദുർഗന്ധവും രൂക്ഷമാണ്.കൊതുക് കൂത്താടികളും മുട്ടയിട്ട് പെരുകാൻ ഇത് വഴിയൊരുക്കും. മഴക്കാല പൂർവ ശുചീകരണവും പലയിടത്തും നടന്നിട്ടില്ല.
സ്ഥലം നൽകിയില്ല സ്വകാര്യ വ്യക്തികൾ
കാവുംഭാഗംചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷനിൽ വെള്ളക്കെട്ട് പതിവായതിനെ തുടർന്ന് ഒരുവർഷം മുമ്പ് വെള്ളക്കെട്ട് നിലനിന്നിരുന്ന 60 മീറ്ററോളം ഭാഗം ഉയർത്തി തറയോട് പാകിയിരുന്നു. ഈസമയത്ത് റോഡിനോട് ചേർന്ന് ഓട നിർമിക്കാൻ പൊതുമരാമത്ത് നീക്കം നടത്തിയാണ്. എന്നാൽ അതിനാവശ്യമായ സ്ഥലം വിട്ടുനൽകാൻ സ്വകാര്യ വ്യക്തികൾ തയാറാകാതിരുന്നതോടെ അധികൃതർ ശ്രമം ഉപേക്ഷിച്ചു. ഇതോടെയാണ് ജംഗ്ഷന്റെ തെക്ക് ഭാഗത്തെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
വാച്ചാലുകൾ വീണ്ടെടുക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി മാസങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തെങ്കിലും നടപടികൾ വേഗത്തിലാക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
(പ്രദേശവാസികൾ)
വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം
--------------------------------------------------------
ഓടകൾ നിർമ്മിച്ചിട്ടില്ല
വാച്ചാൽ തോടുകൾ കൈയേറി കെട്ടിയടച്ചു