അടൂർ: കൊവിഡ് 19പശ്ചാത്തലത്തിൽ വരാൻ പോകുന്ന ഭക്ഷ്യക്ഷാമം കണക്കിലെടുത്തും കൃഷിയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ജീവനി -സുഭിക്ഷാ പദ്ധതിയുടെ ഭാഗമായി അടൂരിൽ കർമ്മ പദ്ധതികൾക്ക് രൂപം നൽകി.ഇതുവഴി തരിശുരഹിത കൃഷിയും ജോലി നഷ്ടപ്പെട്ടുവരുന്ന പ്രവാസികൾക്കായി പ്രവാസിക്ഷേമം സുവർണഭൂമി അടൂർ 2020, ആരാമം അടൂർ 2020 എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആർ.-ഡി.ഒപി.ടി.ഏബ്രഹാം,അഗ്രികൾച്ചറൽ അസി. ഡയറക്ടർ കെ.വി.സുരേഷ്, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തരിശുരഹിത കാർഷിക പദ്ധതി

അടൂർ നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി തരിശ് കിടക്കുന്ന മുഴുവൻ ഭൂമിയിലും കൃഷിയിറക്കുകയാണ് ലക്ഷ്യം.ഇതിനായി 1 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.കൃഷി ചെയ്യാൻ ഭൂഉടമയ്ക്ക് താൽപര്യമില്ലെങ്കിൽ കൃഷിവകുപ്പ് ആ സ്ഥലം കൃഷിക്കായി ഏറ്റെടുക്കും.വിളവിന് ശേഷം സ്ഥലം ഉടമയ്ക്ക് നല്കും.അടുക്കള തോട്ടം,ഏത്തവാഴകൃഷി, ഇഞ്ചി, കിഴങ്ങുവർഗ കൃഷി,നെല്ല്,പച്ചക്കറി,സ്ഥലം ഇല്ലാത്തവർക്കായി ഗ്രോബാഗ് കൃഷി,തേനീച്ച വളർത്തൽ എന്നിവ നടപ്പാക്കും.പശുവളർത്തൽ,ആട് വളർത്തൽ,മുട്ടക്കോഴിവളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ,പുല്ലുവളർത്തൽ,പോത്തുക്കുട്ടി പരിപാലനം,ഡയറി യൂണിറ്റുകൾ,കിടാരി വളർത്തൽ,തീറ്റപ്പുൽകൃഷി,പാൽ ഉല്പാദക യൂണിറ്റ്,മീൻ വളർത്തൽ പദ്ധതി തരിശുനിലത്ത് മത്സ്യകൃഷി പടുതാ കുളത്തിൽ മത്സ്യകൃഷി ഒരു നെല്ലും ഒരു മീനുംപദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യം.

പ്രവാസികൾക്ക് വേണ്ടി സുവർണ ഭൂമി അടൂർ 202

വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് വരുന്നവർക്കായി ഈ പദ്ധതി പ്രകാരം സ്ഥലം നൽകുകയും ബാങ്കുകൾ വഴി വായ്പ തരപ്പെടുത്തി നല്കുകയും ചെയ്യും. ഏത്തവാഴകൃഷി,ആട് ഫാം, പശുഫാം,ഇറച്ചിക്കോഴി,മുട്ടക്കോഴി കാട,താറാവ് ഫാമുകൾ,പോത്തു കുട്ടി പരിപാലനം എന്നീ മേഖലകളിൽ പ്രവാസികൾക്ക് പ്രത്യേകപരിഗണന നല്കും. ഇതിനായി ഓൺ ലൈൻ രജിസ്ട്രേഷൻ ചിറ്റയം ഗോപകുമാർ എം.എൽ.എയു ടെ ഓഫീസ് കേന്ദ്രീകരിച്ച് ആരംഭിക്കും.താൽപ്പര്യമുള്ളർ mlaofficeadoor@gmail.com എന്ന മെയിലിൽ പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം.

ആരാമം അടൂർ 2020

പന്തളം, അടൂർ നഗരസഭകളിലെ പട്ടണപ്രദേശത്ത് ഈ പദ്ധതിവഴി ജനങ്ങൾക്കാവിശ്യമായ പച്ചക്കറിയും മറ്റും ഗ്രോബാഗുകളിൽ ഉത്പ്പാദിപ്പിക്കുന്ന സുഭിക്ഷാ പദ്ധതി നടപ്പാക്കുന്നതിന് പുറമെയാണ് പന്തളം ,അടൂർ നഗരസഭകളിലെ പട്ടണ പ്രദേശത്തുള്ള വാർഡുകളിൽ താമസിക്കുന്നവരാണ് ഇതിന്റെ ഗുണഭോക്താക്കൾപഞ്ചായത്ത് മേഖലകളിൽ നടക്കും.