പത്തനംതിട്ട : ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നാളെ മുതൽ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങും. മല്ലപ്പള്ളി, തിരുവല്ല, അടൂർ, ഏനാത്ത്, റാന്നി, കലഞ്ഞൂർ, പന്തളം എന്നിവിടങ്ങളിൽ നിന്ന് പത്തനംതിട്ട വരെയാണ് ബസ് സർവീസ് നടത്തുന്നത്. നിലവിൽ ഉള്ളതിന്റെ ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ബസിൽ സാമൂഹ്യ അകലം പാലിച്ച് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. മൂന്ന് സീറ്റുകളുള്ളതിൽ രണ്ട് പേർക്കും രണ്ട് സീറ്റുള്ളതിൽ ഒരാളും മാത്രമേ യാത്ര ചെയ്യാൻ പറ്റു. ആകെ മുപ്പത് പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാം. ബസിൽ കയറുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം. അതിനുള്ള സൗകര്യം ബസുകളിൽ ക്രമീകരിക്കും. സർക്കാർ ജീവനക്കാരെ മാത്രമേ ബസിൽ പ്രവേശിപ്പിക്കു.

ഒരു ബസിൽ 30 പേർ, ആകെ ഏഴ് സ്ഥലങ്ങളിൽ നിന്ന് സർവീസ്.

ബസ് പുറപ്പെടുന്ന സ്ഥലവും സമയവും കടന്നുപോകുന്ന വഴിയും

1. മല്ലപ്പള്ളി ബസ് സ്റ്റാൻഡ് : രാവിലെ 8.45ന്

കോഴഞ്ചേരി, ഇലന്തൂർ, വാര്യാപുരം വഴി

2. റാന്നി ബസ് സ്റ്റാൻഡ് : 8.30ന്

ഉതിമ്മൂട്, മണ്ണാരക്കുളഞ്ഞി, മൈലപ്ര വഴി

3. തിരുവല്ല ബസ് സ്റ്റാൻഡ് : 8.30ന് കോഴഞ്ചേരി വഴി

4. എനാത്ത് : 8.30ന് കൂടൽ, കോന്നി, കുമ്പഴ വഴി

5. അടൂർ : 8.45ന് ഏഴംകുളം , കൊടുമൺ, ചന്ദനപ്പള്ളി, വള്ളിക്കോട്

6. പന്തളം : 9ന് തുമ്പമൺ കൈപ്പട്ടൂർ

7. കലഞ്ഞൂർ : 8.30ന് കൂടൽ, കോന്നി, കുമ്പഴ

വൈകിട്ട് 5.10ന് പത്തനംതിട്ടയിൽ നിന്ന് തിരികെ സർവീസ് നടത്തും

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുക. എല്ലാവരും മാസ്ക് ധരിക്കണം. ബസിൽ കയറുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിക്കണം.