പത്തനംതിട്ട: ഇന്നത്തെ സമ്പൂർണ ലോക്ക് ഡൗണിൽ കർശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽ വിതരണവും സംഭരണവും, പത്രം, മാദ്ധ്യമങ്ങൾ, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജന ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് ഒഴികെയുള്ള സാമൂഹിക ഒത്തുചേരലുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തന അനുമതിയുണ്ട്.
ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് രാവിലെ എട്ടു മണി മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം പത്തു മണി വരെ വീടുകളിൽ എത്തിക്കാൻ അനുമതിയുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും, കൊവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങൾ നടത്തുന്നവർക്കും സഞ്ചരിക്കാൻ അനുമതിയുണ്ട്. ഇത് അല്ലാത്തവർ അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വന്നാൽ ജില്ലാ കളക്ടറിൽ നിന്നോ പൊലീസിൽ നിന്നോ പാസ് വാങ്ങണം.
ചരക്കു വാഹനങ്ങൾ അനുവദിക്കും. തുടർച്ചയായി പ്രവർത്തിക്കേണ്ട ഉത്പാദന മേഖലയിലെ വ്യവസായങ്ങൾ, ഇപ്പോൾ നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതിയുണ്ട്. നടന്നും സൈക്കിളിൽ പോകുന്നതിനും അനുമതിയുണ്ട്.