17-inchakkadu
എം.സി. റോഡിൽ കുരമ്പാല അമ്പലത്തിനാൽചൂരയിൽ ജംഗ്ഷനും ഇടയാടി സ്‌കൂളിനുമിടയ്ക്കുള്ള ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേ ഇഞ്ചക്കാട്

പന്തളം: ഇഞ്ചമുള്ള് കാരണം യാത്രക്കാർ വലഞ്ഞിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.എം.സി. റോഡിൽ കുരമ്പാല അമ്പലത്തിനാൽചൂരയിൽ ജംഗ്ഷനും ഇടയാടി സ്‌കൂളിനുമിടയ്ക്കുള്ള ഭാഗത്താണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഇഞ്ചക്കാട് വളർന്ന് റോഡിലേക്ക് കിടക്കുന്നത്.രാപ്പകൽ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് വാഹനങ്ങളും നൂറുകണക്കിന് യാത്രക്കാരും കടന്നു പോകുന്ന റോഡിലാണ് യാത്ര മുടക്കുന്നതരത്തിൽ ഇഞ്ചക്കാട് വളർന്ന് പന്തലിച്ചു നിൽക്കുന്നത്.കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും റോഡിന്റെ സൈഡിലൂടെ പോകുമ്പോൾ മുള്ള് കണ്ണിലും ദേഹത്തും കൊള്ളുന്നത് പതിവാണ്.വസ്ത്രത്തിൽ കുരുങ്ങുകയും ചെയ്യുന്നു.നടപ്പാതയും കഴിഞ്ഞ് റോഡിൽ വാഹനയാത്രക്കാർക്ക് വേണ്ടി അടയാളം ചെയ്ത് സ്ഥലം വരെ തഴച്ചുവളർന്നു നിൽക്കുകയാണ് മുള്ളോടുകൂടിയ ഇഞ്ച.യാത്രക്കാർ പലപ്പോഴും മുറിച്ചു കളഞ്ഞങ്കിലും മഴ പെയ്തതോടെ ശക്തിയായി കിളിർത്ത് വീണ്ടും റോഡിലേക്ക് ഇറങ്ങിയിട്ടുണ്ട്.ഇത് വളർന്ന് നിൽക്കുന്ന നൂറ് മീറ്ററോളം ഭാഗത്ത് വീടുകളോ കടകളോ ഇല്ല.സ്വകാര്യ വ്യക്തി കൺവെൻഷൻ സെന്ററിനു വേണ്ടി കെട്ടിടം നിർമ്മിക്കുന്നതിനാൽ അതിർത്തി ടിൻ ഷീറ്റുകൊണ്ട് മറച്ചിട്ടുണ്ട്.ഷിറ്റിനു മുകളിലൂടെയാണ് ഇഞ്ച വളർന്നു പന്തലിച്ചു റോഡിലേക്ക് കിടക്കുന്നത്.ഈ വസ്തുവിൽ നിന്നും ചില മരങ്ങളുടെ കൊമ്പുകളും ഇഞ്ചയ്ക്ക് ഒപ്പം റോഡിലേക്ക് നിൽക്കുന്നുണ്ട്.

രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നു

വീതിക്കുറവും വളവുമുളള ഈ ഭാഗത്ത് രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനുള്ള സ്ഥലമേയുള്ളൂ.കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള സ്ഥലമാണ് ഇഞ്ചയും അനച്ചകവും, ചുണ്ണാമ്പുവള്ളിയും,കാളപുല്ലും വളർന്ന് കാട് മൂടി യാത്രക്കാരെ വലയ്ക്കുന്നത്.രാത്രി കാലങ്ങളിൽ മാലിന്യങ്ങളും ഈ ഭാഗത്ത്തള്ളുന്നുണ്ട്.എം.സി.റോഡ് കെ.എസ്.ടി.പി.ഏറ്റെടുത്തു പുനർനിർമ്മിച്ചപ്പോൾ ഇവിടെ ഓട നിർമ്മിച്ചു സംരക്ഷണ വേലി സ്ഥാപിച്ചിരുന്നു.അതും കാട് മൂടി കിടക്കുകയാണ്.ഓടയ്ക്ക് മൂടിയും ഇല്ല.

എം.സി.ഡിൽ അമ്പലത്തിനാൽചൂര ജംഗ്ഷനു സമീപം എം.സി.റോഡിലേക്ക് ഇഞ്ചമുള്ളും മറ്റും വളർന്ന്കിടന്ന് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാൻ നടപടി അധികൃതർ സ്വീകരിക്കണം

കെ.ഹരി

(സി.പി.എം.കുരമ്പാല ലോക്കൽ

കമ്മിറ്റിയംഗം)

-റോഡിന് വീതി കുറവും വളവും

-തഴച്ചു വളർന്ന് മുള്ളോടെയുള്ള ഇഞ്ച

-കാൽനടയാത്രക്കാർക്കും ദുരിതം