ചെങ്ങന്നൂർ: തേക്കു മരത്തിന്റെ ശിഖരം വീണു പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ ഏഴുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച ബുധനൂർ പഞ്ചായത്ത് കടമ്പൂർ പടനശേരിൽ വീട്ടിൽ ഓമന (70),മരുമക്കൾ ഉഷാമോഹനൻ (മഞ്ജു 32) എന്നിവരുടെ സംസ്‌കാരം ഇന്നലെ രാവിലെ 11ന് വീട്ടുവളപ്പിൽ നടന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം ആംബുലൻസിൽ എത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നാട്ടുവഴികളിൽ അയൽവാസികൾ കാത്തുനിന്നിരുന്നു.കൊവിഡിന്റ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർക്കാരിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് അമ്മയെയും മരുമകളെയും കാണാൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയത്. വൈദ്യുതാഘാതത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴുവയസുകാരൻ സഞ്ജയ് തന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും പുഷ്പം അർപ്പിക്കാൻ എത്തിയത് കണ്ണീർ പടർത്തി. അന്ത്യകർമ്മങ്ങൾ ഓമനയുടെ മക്കളും ചെറുമക്കളും ചേർന്ന്നടത്തി.ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോക്ടർ ഏ.വി ആനന്ദ് രാജ്,വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട്,കൺവീനർ ബൈജു അറുകുഴി അഡ്കമ്മിറ്റി അംഗം എൻ.വിനയചന്ദ്രൻ,എം.പി കൊടിക്കുന്നിൽ സുരേഷ്, സജി ചെറിയാൻഎം.എൽ.എ മറ്റു ജനപ്രതിനിധികൾ അന്തിമോപചാരമർപ്പിച്ചു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം മരണാനന്തരചടങ്ങുകൾ ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ഏറ്റെടുത്ത് നിർവഹിച്ചു.മരണപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എം.എം മണിക്കും സജി ചെറിയാൻ എം.എൽ.എ കത്തയച്ചു.