മല്ലപ്പള്ളി: കുന്നന്താനത്ത് പാൻമസാല വിൽപനക്കാരനെ മല്ലപ്പള്ളി എക്‌സൈസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോം ക്വാറന്റെയിനിലാക്കി. കുന്നന്താനം പാറാങ്കൽ കോളനി സ്വദേശിയായ 85 വയസുകാരനെയാണ് നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ വീടിനോട് ചേർന്നുള്ള കടയിലും വീടിനുള്ളിലും ലഹരി വസ്തുക്കൾ ശേഖരിച്ചു വ്യാപാരം നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പിഴ ഈടാക്കിയിരുന്നു. ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിൽ നിന്ന് യുവാക്കൾ അടക്കം നിരന്തരം എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീണ്ടും കട പരിശോധന നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടുകിട്ടിയില്ല. പിന്നീട് നടന്ന സൂക്ഷ്മ പരിശോധനയിൽ വീടിന് സമീപമുള്ള പാടശേഖരത്തിന് കുറുകെയുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ വീണ്ടും പാൻമസാല പിടികൂടി. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനായി യുവജന ജാഗ്രത സമിതിയും ഇവിടെ രൂപീകരിച്ചു. എന്നാൽ വ്യാപാരം തുടരുന്നതായി പരിശോധനയിൽ കണ്ടെത്തിയെതിനെ തുടർന്ന് മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ട്, കമ്യുണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ സൂപ്രണ്ട്, കുന്നന്താനം പഞ്ചായത്ത് അധികാരികൾ എന്നിവർ സംയുക്തമായി നടപടി സ്വീകരിച്ചു. കടയടപ്പിക്കുകയും കൊറോണ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് വ്യാപാരിയെയും ഭാര്യയെയും ഹോം ക്വാറന്റയിനിലാക്കി. 63 പാക്കറ്റ് പാൻമസാല പിടികൂടി.