@ ആനപ്പുറത്തെ മണ്ണ് നീക്കുന്നതിനിടെ താഴെ വീണെന്ന് വനംവകുപ്പ്
@ വെടിവയ്പ് പരിശീലനത്തിനിടെ ആന വിരണ്ടെന്ന് നാട്ടുകാർ
പത്തനംതിട്ട: ജനവാസ മേഖലയിലിറങ്ങിയ കടുവയെ വീഴ്ത്താൻ കൊണ്ടുവന്ന കുങ്കിയാനയുടെ പുറത്ത് നിന്ന് വീണ് പാപ്പാന് പരിക്ക്. ചെന്നൈ സ്വദേശി മുരുകനാണ് (36) പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ ഇയാളെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. വനംവകുപ്പ് വടശേരിക്കര റേഞ്ച് ഒാഫീസിനോട് ചേർന്നാണ് ആനയെ തളച്ചിരുന്നത്.
പേഴുംപാറ ഭാഗത്ത് കടുവയെ കണ്ടെന്ന വിവരത്തെ തുടർന്ന് അവിടേക്ക് കൊണ്ടുപോകാനുളള തയ്യാറെടുപ്പിനിടെയാണ് സംഭവമെന്ന് റാന്നി ഡി.എഫ്.ഒ പറഞ്ഞു. ആനയുടെ പുറത്തെ മണ്ണ് നീക്കുന്നതിനിടെ പാപ്പാൻ താഴെ വീണു.
എന്നാൽ, വെടിവയ്പ്പ് പരിശീലനത്തിനിടെയാണ് പാപ്പാന് പരിക്കേറ്റതെന്ന് നാട്ടുകാർ ആരോപിച്ചു. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനപ്പുറത്ത് കയറിയിരുന്നു. പിന്നിലിരുന്ന രണ്ടാം പാപ്പാൻ വെടിവച്ചപ്പോൾ ശബ്ദം കേട്ട് ആന വിരണ്ടു. മുകളിലിരുന്ന പാപ്പാൻമാരെ ആന കുലുക്കി താഴെയിട്ടു. ഒന്നാം പാപ്പാൻ ആനയുടെ മുൻകാലിന് അടുത്തും രണ്ടാം പാപ്പാൻ അകലെയും വീണു. ഒന്നാം പാപ്പാനെ ആന തോണ്ടിയെറിഞ്ഞതിനിടെയാണ് പരിക്കേറ്റതെന്ന് നാട്ടുകാർ പറഞ്ഞു. വനപാലകർ കല്ലെറിഞ്ഞും ഒച്ചവച്ചും ആനയെ അകറ്റിയ ശേഷമാണ് പാപ്പാനെ ആശുപത്രിയിലാക്കിയത്.
പരിക്കേറ്റ പാപ്പാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. കുറഞ്ഞത് ഒരു മാസത്തെ പൂർണ വിശ്രമം വേണ്ടി വരും.
രണ്ടാം പാപ്പാൻ ഉളളതുകൊണ്ട് കുങ്കിയാനയെ കടുവയെ തിരയാൻ ഉപയോഗിക്കുമെന്ന് വനപാലകർ അറിയിച്ചു.