കോന്നി: ലോക്ക് ഡൗൺ മൂലം ലേലം നിലച്ചതോടെ വനംവകുപ്പിന്റെ കോന്നി തടി ഡിപ്പോയിൽ തടികൾ കുമിഞ്ഞുകൂടുന്നു.ഇ- ടെൻഡർ മൂലമുണ്ടായ വരുമാന നഷ്ടത്തിന് പിന്നാലെയാണിത്. മികച്ച ഗുണനിലവാരമള്ള തേക്കുതടികൾ ലഭ്യമാക്കുന്ന സംസ്ഥാനത്തെ പ്രധാന ഡിപ്പോയാണിത്. കോന്നി ഫോറസ്റ്റ് ഡിവിഷനിലെ കോന്നി, നടുവത്തുംമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലെ കൂപ്പുകളിൽ നിന്ന് തീർത്തുവെട്ട് നടത്തി ലഭിക്കുന്ന മരങ്ങളാണ് ഇവിടെ ലേലം ചെയ്യുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ള തോട്ടങ്ങളിലെ തേക്കുമരങ്ങളാണ് ഇപ്പോൾ മുറിക്കുന്നത്. ഇതോടൊപ്പം പാഴ്മരങ്ങളും മുറിച്ചുമാറ്റുന്നു. കല്ലേലിത്തോട്ടത്തിലും കോന്നി ഡിപ്പോയിലുമാണ് ലേലത്തിനായി തടികൾ അട്ടിവച്ചിരിക്കുന്നത്.
ലേലത്തിന് ഇ -ടെൻഡർ തുടങ്ങിയത് വരുമാനത്തിൽ വലിയ കുറവാണ് വരുത്തിയത്. 50,000 മുതൽ 2,000,00 രൂപ വരെയുള്ള തുകയുടെ ലേലത്തിന് ലേലം വിളിക്കുന്ന ആൾ വരുമാനം വെളിപ്പെടുത്തണമെന്നാണ് ഇ- ടെൻഡറിലെ നിയമം. ഇതോടെ പലരും പിൻമാറി. പലിശയ്ക്കും മറ്റും പണം കടം വാങ്ങി ലേലം വിളിച്ച് തടികൾ മറിച്ചുവിറ്റ് ലാഭം നേടിയിരുന്നവർ ലേലത്തിൽ പങ്കെടുക്കാതെയായി. മുമ്പ് തടികൾക്ക് മിനിമം തുക ആരംഭ വിലയായി പ്രഖ്യാപിക്കുകയും ഉയർന്ന തുക വിളിക്കുന്നവർക്ക് ലേലം ഉറപ്പിക്കുകയുമായിരുന്നു. ഇ -ലേലം വന്നതോടെ വനംവകുപ്പ് നിശ്ചയിക്കുന്ന അടിസ്ഥാനവിലയിൽ നിന്ന് വേണം ലേലം തുടങ്ങാൻ. ലോക് ഡൗൺ മൂലം ഇതും നടന്നില്ല.
------------------
പണിയില്ലാതെ തൊഴിലാളികൾ
വിവിധ യൂണിയനുകളിലായി ഡിപ്പോയിൽ 40 തൊഴിലാളികളുണ്ട്. ഇപ്പോൾ മാസത്തിൽ ഒരു പണി ലഭിച്ചാൽ ഭാഗ്യമെന്നാണ് ഇവർ പറയുന്നത്. ഇ ടെൻഡറിലൂടെ ആരെങ്കിലും ലേലം വിളിച്ചാൽ 5 മീറ്റർ തടിയോ മറ്റ് പാഴ് തടികളോ കയറ്റിവിടുമ്പോൾ മാസത്തിൽ ഒരിക്കൽ നിസാരമായ തുകയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്.
----------------
3 തരം തടികൾ
1. തേക്കുതടികൾ
2. ഹാർഡ് വുഡ്
(മരുതി, തേമ്പാവ്, ഇരുൾ)
3. സോഫ്റ്റുവുഡ്
( ഇലവ്, ഉറവ്, വെള്ളത്തടി)
----------------
കോന്നി ഡിപ്പോയിൽ ഇൗ സീസണിൽ 1950 ക്യൂബിക് മീറ്റർ തടിയാണ് ലേലത്തിന് എത്തിക്കുന്നത്. ഇതിൽ 424 ക്യൂബിക് മീറ്റർ തേക്കും 963 ക്യൂബിക് മീറ്റർ ഹാർഡ് വുഡുമാണ്.
1500 ക്യൂബിക് മീറ്റർ തടി ഇനി എത്താനുമുണ്ട്.
------------
ഡിപ്പോയിലെ തടി കയറ്റുന്ന ജോലി വർഷങ്ങളായി ചെയ്യുന്നുണ്ട്. അടുത്തകാലത്തായി പണിയില്ല. വല്ലപ്പോഴും കിട്ടിയാലായി. പരിഹാരമുണ്ടായില്ലെങ്കിൽ ഞാനടക്കമുള്ള തൊഴിലാളികൾ പട്ടിണിയിലാകും
വിനീഷ് കുമാർ
കല്ലേലി