കോന്നി : പ്രളയത്തിന് ശേഷം ഉൾവലിഞ്ഞ ആഫ്രിക്കൻ ഒച്ചുകൾ വീണ്ടും തലപ്പൊക്കിത്തുടങ്ങി. കൂടൽ, കലഞ്ഞൂർ പ്രദേശങ്ങളിലും അച്ചൻകോവിലാറിന്റെ തീരങ്ങളിലും പ്രമാടം, മാത്തൂർ, വെട്ടൂർ, രാമൻചിറ, വള്ളിക്കോട്, കോന്നി ഭാഗങ്ങളിലുമാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീടുകളുടെ അടുക്കള വരെ ഇവ കയറിക്കൂടി.

മസ്തിഷ്ക ജ്വര ഭീതിയും

ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം നടത്തിയ പഠനത്തിൽ ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്‌കജ്വരം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. വേനൽക്കാലത്ത് മണ്ണിനടിയിലേക്ക് വലിയുന്ന ഒച്ചുകൾ മഴക്കാലത്താണ് കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. ഇവ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കും. ഒ​റ്റത്തവണ മുട്ട വിരിഞ്ഞാൽ 40 -50 കുഞ്ഞുങ്ങൾ ഉണ്ടാകും. ദിവസങ്ങൾക്കുള്ളിൽ വളരുന്ന ഇവ ശംഖ് ആകൃതിയിലാണ് കാണപ്പെടുന്നത്. വാഴ, ഓമ, കപ്പ, ചേന കൃഷികളാണ് കൂടുതലും വേട്ടയാടുന്നത്.

എത്തിയത് മലേഷ്യയിൽ നിന്ന്

മലേഷ്യയിൽ നിന്നുമാണ് ഇവയുടെ വരവെന്ന് കരുതുന്നു. വർഷങ്ങൾക്ക് മുമ്പ് കേരളത്തിലേക്കു എത്തിച്ച തടിയിൽ നിന്നാണ് തുടക്കം. കോന്നി എലിയറയ്ക്കൽ മില്ലിൽ എത്തിയ ഒച്ചുകൾ ചതുപ്പ് ഏറെയുള്ള എതിർ ഭാഗത്തെ വയൽ താവളമാക്കി. വൻതോതിൽ മുട്ടയിട്ട് വംശവർദ്ധനവ് നടത്തി. പിന്നീട് ക്ഷേത്ര പരിസരത്തെ വീടുകളിലെ ഓമ, കപ്പ, പയർ, വാഴ കൃഷികൾ തിന്നു നശിപ്പിച്ചു.

പ്രതിരോധം

ഉപ്പും തുരിശും പുകയില ലായനിയുമാണ് പ്രധാന പ്രതിരോധ മാർഗം.

കാർഷിക വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. കൊറോണ ഉൾപ്പടെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്താണ് കൃഷി ഇറക്കുന്നത്. കാട്ടുപന്നികളെയും മറ്റു വനൃമൃങ്ങളെയും കൊണ്ട് രക്ഷയില്ല.

കർഷകർ