lockdown-violation
നിയന്ത്രണം ലംഘിച്ച് കരാറുകാരന്റെ വാഹനത്തിൽ തൊഴിലാളികളെ കുത്തിനിറച്ച് ടിപ്പറിനെ മറികടന്നൊരു യാത്ര. മല്ലപ്പള്ളി - നെടുങ്ങാടപ്പള്ളി സംസ്ഥാന പാതയിൽ നിന്നുള്ള കാഴ്ച

മല്ലപ്പള്ളി : ലോക്ഡൗണും സമ്പൂർണ ലോക്ഡൗണും രാജ്യത്ത് നടക്കുമ്പോഴും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് കരുതുന്നവർ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. സർക്കാർ നൽകിയ ഇളവിന്റെ മറവിൽ നിരവധി ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങുന്ന കാഴ്ചയാണെങ്ങും.വ്യാപാര സ്ഥാപനങ്ങളിലും നിർമ്മാണമേഖലയിലും ആളുകൾ സാമൂഹ്യ അകലമോ,കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.ദൂരെയുള്ള ക്യാമ്പുകളിൽ നിന്നും അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വാഹനങ്ങളിൽ കുത്തിനിറച്ചാണ് പണിയിടങ്ങളിൽ എത്തിക്കുന്നത്.നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാറില്ല. പ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങളിലെ സമീപവാസികൾ പലിയിടത്തും ഭീതിയിലാണ്. നിസാര കാര്യങ്ങൾക്ക് പൊതുഇടങ്ങളിൽ എത്തുന്നവരുടെ എണ്ണവും അനുദിനം വർദ്ധിച്ചുവരികയാണ്. മല്ലപ്പള്ളി ടൗണും പരിസരവും ഏതാണ്ട് പഴയനില കൈവരിച്ച സ്ഥിതിയിലാണ്. അതിരാവിലെ മുതൽ വൈകുന്നേരം വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് പലയിടത്തും. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ആളുകൾ കുട്ടമായി എത്തുന്നത് പതിവാണ്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വലിയ ആൾക്കൂട്ടം എത്താനാണ് സാദ്ധ്യത. കൈവരിച്ച നേട്ടങ്ങൾ കൈവിട്ടുപോകാതിരിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ കർശന നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

-നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണമില്ല

-വാഹനങ്ങളുടെ നീണ്ട നിര

-വ്യാപാര സ്ഥാപനങ്ങളിലും കൂട്ടമായി ആളുകൾ