പത്തനംതിട്ട : കൊവിഡ് വ്യാപനം തടയുന്നതിന് ഗുണകരമാണെന്ന വിലയിരുത്തലിൽ 31 വരെ ലോക്ക് ഡൗൺ നീട്ടി. ജാഗ്രതമതി എന്ന് പറയുമ്പോഴും ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. കൂലിപ്പണി തൊഴിലാളികളടക്കം ഇപ്പോൾ രണ്ട് മാസമാകുന്നു ജോലിയ്ക്ക് പോയിട്ട്. കിറ്റുകളും സാധനങ്ങളും സംഘടനകളും സർക്കാരും എത്തിച്ചെങ്കിലും ലോക്ക് ഡൗൺ തുടർന്നു പോകുന്നതിലുള്ള ആശങ്കയേറെയാണ്. സാധാരണക്കാരെയാണ് ലോക്ക് ഡൗൺ ഏറ്റവും അധികം ബാധിച്ചിരിക്കുന്നതും. ഡെങ്കിപ്പനിയും എലിപ്പനിയും അടക്കം പകർച്ചവ്യാധികളും ഒപ്പമുണ്ട്. പനി വന്നാൽ ആശുപത്രിയിലെത്തി മരുന്ന് വാങ്ങാനുള്ള സാഹചര്യം പോലും ഇടത്തരക്കാർക്കില്ല. കാലവർഷവും ഇങ്ങെത്തിയതോടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ആശങ്കയിലാണ് ചിലർ. കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കൊവിഡ് വർദ്ധിച്ചു വരുന്നത് വെല്ലുവിളി ഉയർത്തുന്നു. നിലവിൽ കടകളൊക്കെ തുറക്കുന്നുണ്ടെങ്കിലും എല്ലാ സാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാൻ കഴിയുന്നില്ല.