പത്തനംതിട്ട: കൊവിഡ് ദുരിതങ്ങളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന നാടിനൊപ്പം ഡി.വൈ.എഫ്‌.ഐ റീസൈക്കിൾ കേരള പദ്ധതിയും. വീടുകളിൽ നിന്ന് ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ച് അത് വിറ്റ് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് ഡി.വൈ.എഫ്‌.ഐ റീസൈക്കിൾ കേരളയിലൂടെ.യൂണിറ്റിലെ പ്രവർത്തകർ വീടുകളിലെത്തി പഴയ സാധനങ്ങൾ,പത്രം,വായിച്ചു കഴിഞ്ഞ പ്രസിദ്ധീകരണങ്ങൾ,മറ്റ് ആക്രി സാധനങ്ങൾ എന്നിവ ശേഖരിക്കും.തേങ്ങ,മാങ്ങ,ചേന,ചേമ്പ് തുടങ്ങി വിഭവങ്ങൾ ശേഖരിച്ച് ഇവ വിറ്റും പണം സ്വരൂപിക്കും.വാഹനങ്ങൾ ഓടിക്കുന്ന ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ഒരു ദിവസം ഓടി കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മാറ്റി മാറ്റിവെക്കും.കടയും മറ്റ് സ്ഥാപനങ്ങൾ ഉള്ളവരും ജോലിയുള്ളവരും ഒരു ദിവസത്തെ വരുമാനം ഈ ഫണ്ടിലേക്ക് മാറ്റിവയ്ക്കും.
ലോക്ഡൗണിൽ വിരസത മാറ്റാനായി ഡി.വൈ.എഫ്‌.ഐ നടത്തിയ 'ലോക് ആർട്സിൽ' നിർമ്മിച്ച കരകൗശല വസ്തുക്കളും പെയിന്റിങ്ങും വില്പന നടത്തിയും പണം ശേഖരിക്കും. കൂടാതെ ശുചീകരണ പ്രവർത്തനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയും പണം കണ്ടെത്തും.റീ സൈക്കിൾ കേരളയുടെ ജില്ലാതല ഉദ്ഘാടനം പഴയ പത്രങ്ങൾ നൽകിഎഴുത്തുകാരൻ ബെന്യാമിൻ നിർവഹിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാർ ഏറ്റുവാങ്ങി.പന്തളം ബ്ലോക്ക് സെക്രട്ടറി എൻ.സി അഭീഷ്,പ്രസിഡന്റ് എച്ച്.ശ്രീഹരി,ജില്ലാ കമ്മിറ്റിയംഗം റഹ്മത്തുള്ള ഖാൻ തുടങ്ങിയവർ സംബന്ധിച്ചു. 23 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്.