പത്തനംതിട്ട : ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഇളവ് വന്നതോടെ ബാർബർ ഷോപ്പിൽ മുടിവെട്ടാം, പക്ഷെ ഫേഷ്യൽ നടക്കില്ല. ബ്യൂട്ടി പാർലറുകൾ സജീവമാകാൻ ഇനിയും കാത്തിരിക്കണം. സ്ത്രീകളെയാണ് ഇത് ഏറെ ബാധിക്കുന്നത്. ബ്യൂട്ടി പാർലറുകളിൽ ജോലി ചെയ്യുന്നതും ഉപഭോക്താക്കളായി എത്തുന്നതും ഏറെയും സ്ത്രീകളാണ്. പുരുഷൻമാരിൽ ഭൂരിഭാഗവും മുടിമുറിക്കാൻ ബാർബർ ഷോപ്പുകളെ ആശ്രയിക്കുന്നു.

ലോക്ക് ഡൗണിൽ ഒരു തരത്തിലുള്ള ഇളവും ലഭിക്കാതിരുന്ന വിഭാഗമാണ് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും. പാർലറുകളിൽ വാങ്ങി വച്ചിരുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ നശിച്ചു പോകുകയാണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 7 മുതൽ അടച്ച കടകളുണ്ട്. മൂന്ന് മാസമായി കട തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണിവർ.

ജില്ലയിൽ

ബാർബർ ഷോപ്പുകൾ : 400 +

ബ്യൂട്ടിപാർലറുകൾ : 250+

3000 മുതൽ 10000 രൂപവരെ വാടക നൽകുന്ന ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ ഉടമകളുണ്ട്. ഇതിൽ ലോണെടുത്തു സംരഭം ആരംഭിച്ചവരുംപെടും.

"എല്ലാവർക്കും ലഭിച്ച കിറ്റുകൾ മാത്രമാണ് ഞങ്ങൾക്കും ലഭിച്ചത്. ഒരു തരത്തിലുള്ള ഇളവോ പാക്കേജോ ഞങ്ങൾക്ക് അനുവദിച്ചു കിട്ടിയില്ല. വാടക ഇളവെങ്കിലും അനുവദിക്കേണ്ടതാണ്.

എൻ.ഇ ബാലശങ്കർ

(ബാർബർ ഷോപ്പ് ഉടമ)

"ഫേഷ്യലിനും മേക്കപ്പിനും ഒക്കെ ഉപയോഗിക്കാൻ വച്ചിരുന്ന പല മെറ്റീരിയലും ഉപയോഗശൂന്യമായി. വലിയ നഷ്ടമാണ് ഞങ്ങൾക്കുണ്ടായത്. പക്ഷെ ഒരു ആനുകൂല്യങ്ങളും ഞങ്ങൾക്കില്ല.

നിവേ ബ്യൂട്ടി പാർലർ ഉടമ