പത്തനംതിട്ട: വിമാനത്തിലും കപ്പലിലുമായി 74 പ്രവാസികൾ കൂടി കഴിഞ്ഞ ദിവസം ജില്ലയിലെത്തി. മസ്‌കറ്റ് -തിരുവനന്തപുരം, ദുബായ് -കൊച്ചി, അബുദാബി- കൊച്ചി വിമാനങ്ങളിലും കൊച്ചിയിലെത്തിയ ഐ.എൻ.എസ് ജലാശ്വയിലുമായി ജില്ലക്കാരായ 74 പ്രവാസികളാണ് ഞായറാഴ്ച എത്തിയത്. ഇവരിൽ 43 പേരെ കൊവിഡ് കെയർ സെന്ററിലും 31 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
മസ്‌കറ്റ് - തിരുവനന്തപുരം വിമാനത്തിൽ ജില്ലക്കാരായ 14 സ്ത്രീകളും, 14 പുരുഷൻമാരും ഏഴു കുട്ടികളുമടക്കം 35 പേരാണ് എത്തിയത്. ഇവരിൽ 19 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. എട്ടുർപേർ ചായലോട് , മൂന്നുപേർ മങ്ങാട്, രണ്ടുപേർ സെറിൻ പ്ലാസ, ആറുപേർ അടൂർ മൗണ്ട് സിയോൺ എന്നീ കൊവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഒരു ഗർഭിണിയും എഴു കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം 16 പേർ ടാക്‌സിയിൽ വീടുകളിൽ എത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു.
ദുബായ് - കൊച്ചി വിമാനത്തിൽ നാലു സ്ത്രീകളും അഞ്ചു പുരുഷൻമാരും ഒരു കുട്ടിയും ഉൾപ്പെടെ ജില്ലക്കാരായ 10 പേരാണെത്തിയത്. ഇവരിൽ നാലുപേരെ തിരുവല്ല ശാന്തിനിലയം കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. മൂന്നു ഗർഭിണികളും ഒരു കുട്ടിയും രക്ഷിതാവും പ്രായമായ ഒരാളും ഉൾപ്പെടെ ആറുപേർ ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായി.
അബുദാബി - കൊച്ചി വിമാനത്തിൽ ജില്ലക്കാരായ ആറുപേരാണെത്തിയത്. ഒരു സ്ത്രീയും നാലു പുരുഷൻന്മാരും ഒരു കുട്ടിയും. ഇതിൽ രണ്ടുപേർ തിരുവല്ല ശാന്തിനിലയം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ തുടരുന്നു. ഒരു കുട്ടിയും രക്ഷിതാവും പ്രായമായ രണ്ടുപേരും ഉൾപ്പെടെ നാലുപേർ ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു.
മാലിദ്വീപിൽ നിന്ന് കൊച്ചിയിലെത്തിയ ഐ.എൻ.എസ് ജലാശ്വയിൽ ജില്ലക്കാരായ 23 പേരാണ് ഉണ്ടായിരുന്നത്. മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ 10 സ്ത്രീകളും 13 പുരുഷൻമാരും. ഇവരിൽ 18 പേരെ കെ.എസ്.ആർ.ടി.സി ബസിൽ ജില്ലയിലെത്തിച്ച് കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. 17 പേരെ കോഴഞ്ചേരി കിഴക്കേടത്ത് ടൂറിസ്റ്റ് ഹോമിലെ കൊവിഡ് കെയർ സെന്ററിലും ഒരാളെ കോന്നി രാജാ റസിഡൻസിയിൽ പെയിഡ് മെമ്പറായും നിരീക്ഷണത്തിലാക്കി. രണ്ടു ഗർഭിണികളും മൂന്നു കുട്ടികളും വീടുകളിൽ നിരീക്ഷണത്തിലാണ്.
--------------------
ഇതുവരെ വന്നത് - 279 പേർ
വിമാനമാർഗം- 229
കപ്പൽ മാർഗം- 50