പയ്യനാമൺ: കോന്നി താഴം മേഖലയിൽ 9 പേർക്ക് ഡങ്കിപ്പനി. കോന്നി പഞ്ചായത്തിലെ 8, 9, 10 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു . റബർതോട്ടങ്ങൾ ധാരാളമുള്ള മേഖലയാണിത്. കൊതുക് പെരുകുന്നത് തടയാൻ തോട്ടം ഉടമകളുടെ യോഗം വിളിച്ചുചേർത്ത് ചിരട്ടകൾ കമഴ്ത്തിവയ്ക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകി. വാർഡുതല അവലോകന യോഗങ്ങൾ ചേർന്ന് കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.

വാർഡ് മെമ്പർമാരും, ആരോഗ വകുപ്പ് ഉദ്യോഗസ്ഥരും, ആശാ വർക്കർമാരും, കുടുബശ്രീ അംഗങ്ങളും ചേർന്ന് പ്രദേശത്തെ വീടുകളിൽ ബോധവത്കരണം നടത്തിയതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ പറഞ്ഞു. അഗ്നിശമന സേനയുടെ സിവിൽ ഡിഫൻസ് വിഭാഗം പ്രദേശത്ത് ഫോഗിങ്ങ് നടത്തി. പനി ബാധിച്ചവരും അല്ലാത്തവരും ഒരു പോലെ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.

-----------------

വില്ലൻ കൊതുക്

ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന രോഗമാണിത്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വരയൻ കൊതുകുകളാണിവ. ഡങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയാൻ വൈകും. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. തലവേദന, പേശിവേദന, ക്ഷീണം, നടുവ് വേദന, ഛർദി, വിശപ്പില്ലായ്മ, ചെറിയചുമ, തൊണ്ടവേദന എന്നിവയാണ് ലക്ഷണങ്ങൾ രക്തത്തിലെ പ്ലേറ്ററ്റുകളുടെ അളവ് പെട്ടന്ന് കുറയുന്നതാണ് മരണത്തിന് കാരണം .

വീടും പരിസരവും വൃത്തിയാക്കി മാലിന്യം നീക്കം ചെയ്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.