പത്തനംതിട്ട : ആന്ധ്രയിലെ നെല്ലൂരിൽ കുടുങ്ങിയ നെല്ലൂർ,​ വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികൾക്കായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈദരാബാദ് മലയാളി സമാജവുമായി ബന്ധപ്പെട്ട് ബസ് ക്രമീകരിച്ചു. 21ന് വിജയവാഡയിൽ നിന്ന് പുറപ്പെടുന്ന ബസ് 22ന് വാളയാർ വഴി എറണാകുളത്തു വരും. പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടി. പ്രസന്നകുമാറിന്റെ മകൻ നിധീഷ് ജോലി സംബന്ധമായി നെല്ലൂരിൽ പോയി ലോക് ഡൗൺ മൂലം മടങ്ങാൻ കഴിയാതെ അവിടെ കുടുങ്ങിയിരുന്നു. ആന്ധ്ര മലയാളി സമാജം പ്രസിഡന്റ് ബെഞ്ചമിൻ ലേബി ഹൈദരാബാദ് മലയാളി സമാജത്തിന്റെ പ്രവർത്തകനും ഗാനരചയിതാവുമായ പത്തനംതിട്ട സ്വാദേശി മനോജ് എന്നിവർ ഇടപെട്ടാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.