പത്തനംതിട്ട: കളക്ടറേറ്റിലെയും മിനി സിവിൽ സ്റ്റേഷനിലെയും ജീവനക്കാർ ഇന്നലെ മുതൽ കെ.എസ്.ആർ. ടി.സി ബസുകളിലെത്തി. ഏനാത്ത്, അടൂർ, പന്തളം, മല്ലപ്പളളി, റാന്നി, തിരുവല്ല ഭാഗങ്ങളിൽ നിന്നാണ് ബസ് സർവീസുകൾ നടത്തിയത്. മിനിമം ചാർജ് എട്ടിൽ നിന്ന് 17 രൂപ ആക്കിയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്. രാവിലെ 8.20ന് ആരംഭിച്ച സർവീസിൽ ഒരു ബസിൽ 30 യാത്രക്കാരെ മാത്രമാണ് കയറ്റിയത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ടുപേരെയും രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെയുമാണ് അനുവദിച്ചത്.
വൈകിട്ട് 5.10ന് കളക്ടറേറ്റിന് മുന്നിൽ നിന്ന് തിരിച്ച് അതാത് ഡിപ്പോകളിലേക്ക് സർവീസ് നടത്തി. ഇരട്ടി ചാർജ് കൊടുത്ത് ബസിൽ കയറുന്നത് സാലറി ചലഞ്ചിന് പിന്നാലെ സർക്കാരിന്റെ മറ്റൊരു 'ചലഞ്ച് ' ആണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചു. 90 ശതമാനമായിരുന്നു കളക്ടറേറ്റിലെ ഹാജർ നില.
ആങ്ങമൂഴിയിൽ നിന്ന് ഇന്ന് മുതൽ സർവീസ്
പത്തനംതിട്ടയിലും കോന്നിയിലും ജോലി ചെയ്യുന്ന സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് പഞ്ചായത്തിലെ സർക്കാർപൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഇന്ന് മുതൽ ആരംഭിക്കും. ആങ്ങമൂഴിയിൽ നിന്ന് രാവിലെ 8.15ന് ബസ് പുറപ്പെടും. ആങ്ങമൂഴി - സീതത്തോട് - ചിറ്റാർ തണ്ണിത്തോട് - കോന്നി - പത്തനംതിട്ട എന്നിവങ്ങനെയാണ് റൂട്ട്. വൈകിട്ട് 5.10 ന് പത്തനംതിട്ട സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്ന് തിരികെ പുറപ്പെടും. കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് പ്രത്യേക ബസ് സർവീസ് നടത്തുന്നത്.