പത്തനംതിട്ട - മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ആറന്മുള മണ്ഡലത്തിലെ ഇലന്തൂർ, നാരങ്ങാനം, ചെന്നീർക്കര പഞ്ചായത്തുകളിലെ റോഡുകൾക്ക് സാങ്കേതികാനുമതിയായെന്ന് വീണാ ജോർജ്ജ് എം.എൽ എ പറഞ്ഞു. തദ്ദേശസ്വയം ഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല. അതാത് പഞ്ചായത്തുകളിലെ എ.ഇമാർക്കാണ് മേൽനോട്ട ചുമതല. രണ്ട് പഞ്ചായത്തുകൾ കൂടി ചേരുന്ന റോഡുകളുടെ ചുമതല ബ്ലോക്ക് എ.ഇയ്ക്കാണ്.
നാരങ്ങാനം പഞ്ചായത്തിൽ കാഞ്ഞിരപ്പാറ-കന്നിടംകുഴി റോഡ്, പള്ളിപ്പടി-കല്ലൂർമുക്ക് റോഡ്, ചെന്നീർക്കര പഞ്ചായത്തിൽ നാരങ്ങാട്ടിൽ പടി - മുണ്ടു വരമ്പേൽപ്പടി റോഡ്, ഇലന്തൂർ പഞ്ചായത്തിൽ മാമൂട്ടിൽ മുരുപ്പേൽ - കാത്തിരത്തറ റോഡ്, തുമ്പമൺത്തറ - പൂതക്കുഴ നാരങ്ങാനം റോഡ് എന്നീ റോഡുകൾക്കാണ് സാങ്കേതികാനുമതി ലഭിച്ചത്.
വാര്യാപുരം - പൂക്കോട് റോഡിന്റെ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ആറൻമുള മണ്ഡലത്തിൽ 8.75 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.