waste
തിരുവല്ല ബൈപ്പാസ് റോഡിൽ തള്ളിയ മാലിന്യം നഗരസഭയുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ കഴുകി കളയുന്നു

തിരുവല്ല: സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറപറ്റി ബൈപ്പാസ് റോഡിൽ വീണ്ടും മാലിന്യം തള്ളി.മഴുവങ്ങാട് ചിറയിൽ നിന്നും ബി വൺ റോഡിലേക്ക് പോകുന്ന ബൈപ്പാസ് റോഡിൽ ഇന്നലെ പുലർച്ചെയാണ് കക്കൂസ് മാലിന്യം തള്ളിയത്.നടുറോഡിൽ തള്ളിയ മാലിന്യം പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ആദ്യം കണ്ടത്. മഴയിൽ പരന്നൊഴുകിയ മാലിന്യം വാഹന യാത്രികരെ ഏറെ ബുദ്ധിമുട്ടിച്ചു. നഗരസഭാ ചെയർമാൻ ആർ.ജയകുമാറിന്റെ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും നഗരസഭ ജീവനക്കാരും ചേർന്ന് റോഡ് കഴുകിവൃത്തിയാക്കി.കഴിഞ്ഞ മാർച്ചിലും ജനുവരിയിലും ഇതേപോലെ ബൈപ്പാസ് റോഡിൽ ഇറച്ചി മാലിന്യങ്ങളും കക്കൂസ് മാലിന്യവും തള്ളിയിരുന്നു. ഇറച്ചി മാലിന്യം തള്ളിയതിനെ തുടർന്ന് ബൈപ്പാസിന്റെ പണികളും താൽക്കാലികമായി നിറുത്തിയിരുന്നു.മാലിന്യം നീക്കം ചെയ്തശേഷമാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.ബൈപ്പാസ് റോഡിൽ മാലിന്യം തള്ളുന്നതായ പരാതികൾ നിരവധി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.

------------------------------------

നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിയുന്നില്ല.മാലിന്യം തള്ളൽ പതിവാകുന്ന സ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുകയും മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നഗരസഭ തയാറാകണമെന്നും പൊലീസിന്റെ രാത്രികാല പരിശോധനകൾ ശക്തമാക്കണം

(പ്രദേശവാസികൾ)

------------------------------------

നഗരസഭ ഹെൽത്ത് വിഭാഗവും പൊലീസും പെട്രോളിംഗ് സംവിധാനം ശക്തമാക്കും

ആർ. ജയകുമാർ

(നഗരസഭാ ചെയർമാൻ)