20-raju
വെണ്മണിയിൽ വഷണ മരത്തിൽ രാജുവിനെ ഫയർഫോഴ്‌​സ് കയറും ഏണിയും ഉപയോഗിച്ച് താഴെയിറക്കാനുള്ള ശ്രമത്തിൽ


ചെങ്ങന്നൂർ: മരത്തിന്റെ കൊമ്പുകൾ മുറിക്കാൻ കയറി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരിച്ചിറങ്ങാൻ കഴിയാതിരുന്ന വിമുക്തഭടനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വെൺമണി ഏറംകുറ്റിക്കാട്ട് രാജുഭവനത്തിൽ കെ.രാജു (70)വാണ് മരത്തിൽ കുടുങ്ങിയത്. വീടിനു സമീപമുള്ള ബന്ധുവായ അരീക്കരേത്ത് പീടികയിൽ ജോണിയുടെ പറമ്പിലെ വയണ മരത്തിന്റെ ചില്ലകൾ വെട്ടാൻ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരത്തിൽ കയറിയത്. 50 അടിയോളം ഉയരത്തിലെത്തിയപ്പോഴേക്കും ശരീരം കുഴഞ്ഞതോടെ മരത്തിൽ പിടിച്ചിരുന്നു. ഇതിനു സമീപത്തുകൂടിയാണ് 11 കെ.വി ലൈൻ കടന്നുപോകുന്നത്. വാർഡ് മെമ്പർ ശ്രീകുമാർ കോയിപ്പുറം അറിയച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽ നിന്ന് ഫയർഫോഴ്‌​സ് യൂണിറ്റും വെൺമണി പൊലീസും എത്തി കയറും ഏണിയുമുപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ചെറിയനാട് കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചുനീക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ലെജൂകുമാർ അറിയിച്ചു.