തിരുവല്ല: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലുള്ള തരിശു കൃഷിസ്ഥലങ്ങളിൽ മുഴുവൻ കൃഷി ചെയ്യുന്നതിന് പ്രത്യേകയോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയിലെ 39 വാർഡുകളിലും കമ്മിറ്റി രൂപീകരിച്ച് തരിശായി കിടക്കുന്ന കൃഷിസ്ഥലങ്ങൾ കണ്ടുപിടിച്ച് ഇവിടെ കൃഷിയോഗ്യമാക്കും. ഈ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നതിന് കൃഷി ഉടമയ്ക്ക് സ്വന്തമായോ അല്ലെങ്കിൽ ജെ.എൽ.ജി ഗ്രൂപ്പുകളായി കൃഷി ചെയ്യുകയോ കുടുംബശ്രീ യൂണിറ്റുകൾ, അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകരെ കൊണ്ടും കൃഷി ചെയ്യാനാണ് തീരുമാനം. നെൽകൃഷി, പച്ചക്കറി കൃഷി, മീൻ വളർത്തൽ ഗ്രൂപ്പുകളായിപശു വളർത്തൽ, ആട്, കോഴി എന്നിവയ്ക്കും സഹായം ലഭ്യമാണ്.ഈ പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രദീപ്കുമാർ ക്ലാസുകൾ നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമൻ കൊണ്ടൂർ, മെമ്പർ സാം ഈപ്പൻ, ഹരിത മിഷൻ കോർഡിനേറ്റർ രാജേഷ്, കൗൺസിലർമാരായ ചെറിയാൻ പോളചിറയ്ക്കൽ, ഷാജി തിരുവല്ല, ബിജു ലങ്കാഗിരി, രാധാകൃഷ്ണൻ വേണാട്ട്,സെക്രട്ടറി സജികുമാർ എന്നിവർ പ്രസംഗിച്ചു.