ചെങ്ങന്നൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആംബുലൻസും ജീവനക്കാരെയും അടിയന്തിരമായി ലഭ്യമാക്കണമെന്ന് നഗരസഭ നിരീക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ആംബുലൻസും ഡ്രൈവർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് എന്നിവരേയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഡി.എം.ഒ.യ്ക്ക് കത്ത് നൽകും. രാത്രി വൈകിയാണ് പലപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നും നാട്ടിലുള്ളവർ ചെങ്ങന്നൂരിൽ എത്തുന്നത്. ഇവരിൽ പലരും സമീപ പഞ്ചായത്തുകളിൽ ഉള്ളവരും അന്യ താലൂക്കുകളിൽ ഉള്ളവരുമാണ്. ജീവനക്കാരുടെ കുറവ് കാരണം രാത്രി വൈകി എത്തുന്നവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്.അടിയന്തരമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് എന്നീ തസ്തികളിൽ ഉള്ളവരെ താൽക്കാലികമായി നിയമിക്കണം.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭാ വർഗീസ്,സെക്രട്ടറി ജി.ഷെറി,പബ്ലിക്ക് ഹെൽത്ത് നേഴ്സ് വി.ആർ.വത്സല, ആർ.നിഷാന്ത്,ബി.മോഹനകുമാർ, കെ.സൗമ്യ, ടി.കെ.സുബാഷ്,സി.ബിന്ദു,രമണി വിഷ്ണു എന്നിവർ പങ്കെടുത്തു.