പന്തളം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി നിർവഹിച്ച് മാതൃകയാവുകയാണ് കുളനട പഞ്ചായത്തിലെ ഉളനാട് വാർഡ് . അവശത അനുഭവിക്കുന്നവരെ കണ്ടെത്തി ആവശ്യമായ സഹായം നൽകുന്നതിലും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലുമാണ് വാർഡ് ജാഗ്രത പുലർത്തുന്നത്. വാർഡിലെ എല്ലാ കുടുംബാംഗങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മാസ്‌ക്കുകൾ സൗജന്യമായി വിതരണം ചെയ്തു . എല്ലാവർക്കും ഹോമിയോ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കി. എല്ലാ വീട്ടിലും പച്ചക്കറിവിത്തുകൾ കുടുംബശ്രീ നേതൃത്വത്തിൽ വിതരണം ചെയ്തതായി വാർഡ് മെമ്പർ പോൾരാജൻ പറഞ്ഞു. സന്നദ്ധ പ്രവർത്തനങ്ങൾക്ക് പോൾ രാജൻ, റോയ് തോമസ് ജോസ് വർഗിസ്, സിസ്റ്റർ അമ്പിളി, ആശാ വർക്കർമാരായ സിന്ധു അനിൽ, ലിനി തോമസ്, പുഷ്പ എന്നിവർ നേതൃത്വം നൽകുന്നു.