പത്തനം​തിട്ട : ഇന്നലെ കോവിഡ് സ്ഥിരീകരിച്ച യുവാവ് മഹാരാഷ്ട്രയിലെ മുംബൈ കൊളാബയിൽ നിന്ന് കഴിഞ്ഞ 13നാണ് നാട്ടിൽ എത്തിയത്. പരുമല സെമിനാരി ധ്യാനകേന്ദ്രത്തിലെ കൊവിഡ് കെയർ കേന്ദ്രത്തിലായിരുന്ന ഇയാളിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷനിലാക്കി. യുവാവ് കൊളാബയിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി നോക്കുകയായിരുന്നു. മുംബൈയിൽനിന്ന് 20 പേർ ചേർന്നു സംഘടിപ്പിച്ച ബസിലാണ് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് വരെ എത്തിയത്. അവിടെനിന്ന് കാറിൽ നാലുപേർ ചേർന്ന് നാട്ടിലെത്തി. കാറിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കോട്ടയം ജില്ലക്കാരന് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാറിലെ മറ്റു രണ്ട് യാത്രക്കാർ പത്തനംതിട്ട ജില്ലക്കാരായിരുന്നു. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംഘം സഞ്ചരിച്ചിരുന്ന ബസിലുണ്ടായിരുന്ന ആലപ്പുഴ, കോഴിക്കോട്. മലപ്പുറം, കോട്ടയം ജില്ലകളിൽ നിന്നുണ്ടായിരുന്ന യാത്രക്കാർക്കും കൊവിഡ് സ്ഥിരികരീച്ചിട്ടുണ്ട്. ബസിലെ യാത്രയും കോഴിക്കോട് നിന്ന് പരുമല വരെയുള്ള യാത്രയും ഒഴിച്ചുനിർത്തിയാൽ ഇയാളുടെ സമ്പർക്കത്തിൽ മറ്റാളുകൾ ആരുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ എട്ടുദിവസത്തിനിടെ ജില്ലയിൽ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കോവിഡ് കേസാണ് ഇന്നലത്തേത്ത്. വിദേശത്തുനിന്നെത്തിയ നാലുപേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. നേരത്തെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 17 പേർ രോഗവിമുക്തരായിരുന്നു. ഇവരുൾപ്പെടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി.