വടശേരിക്കര: മഹാരാഷ്ട്രയിൽ നിന്നെത്തിയ കുടുംബത്തെ വീട്ടിൽ പ്രവേശിപ്പിക്കാതെ നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് അംഗമായ രാധാ പ്രസന്നൻ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ച ശേഷം ക്വാറന്റീനിൽ താമസിക്കാൻ നേരത്തെ തയ്യാറാക്കിയ പെരുനാട് ഇടപ്ര മലയിലെ വീട്ടിലെത്തിച്ചെങ്കിലും നാട്ടുകാർ എതിർപ്പ് തുടർന്നു. മണിക്കൂറുകൾക്ക് ശേഷം മാമ്പാറയിൽ വീട് കണ്ടെത്തി ഇവരെ അവിടെ എത്തിക്കുകയായിരുന്നു. പെരുനാട് മാമ്പാറ സ്വദേശികളായ പാലയ്ക്കൽ സുരേന്ദ്രനും കുടുംബവുമാണ് നാട്ടുകാരുടെ എതിർപ്പ് മൂലം വഴിയിൽ തങ്ങേണ്ടിവന്നത്.
അധികൃതരെ അറിയിച്ച ശേഷമാണ് ഇന്നലെ വെളുപ്പിന് ഇവർ വടശേരിക്കരയിലെത്തിയത്.
എറണാകുളം വരെ ടാക്‌സിയിലും തുടർന്ന് ആംബുലൻസിലും വടശേരിക്കരയിലെത്തിയ ഇവർ സ്വന്തം പഞ്ചായത്തായ പെരുനാട്ടിൽ താമസിക്കുന്നതിനാണ് ആദ്യം പ്രതിഷേധമുണ്ടായത്. അധികൃതർ ഇടപെട്ട് വടശേരിക്കര പഞ്ചായത്തിലേക്ക് മാറ്റാൻ നോക്കിയെങ്കിലും എതിർപ്പ് തുടർന്നു. കുടുംബം മണിക്കൂറുകളോളം ആംബുലൻസിൽത്തന്നെ കഴിഞ്ഞു. കിലോമീറ്ററുകൾ അകലെയുള്ള പമ്പാവാലിയിൽ ലോഡ്ജ് തരപ്പെടുത്താമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും ഇവരിലൊരാൾ ഹൃദ്രോഗി ആയതിനാൽ അടിയന്തര ചികിത്സയ്ക്ക് തടസമാകുമെന്ന് കുടുംബം പരാതിപ്പെട്ടു.തുടർന്ന് മാമ്പാറയിൽ വീട് കണ്ടെത്തി അവിടേക്ക് മാറ്റുകയായിരുന്നു.