പത്തനംതിട്ട: ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ നാട് മെല്ലെ സാധാരണ നിലയിലേക്ക്. കെ.എസ്.ആർ.ടി.സി ബസുകളും ഒട്ടോറിക്ഷകളും ഒാടിത്തുടങ്ങി. നിരത്തുകൾ സജീവമായി. സ്വർണ, വസ്ത്ര വ്യാപാരശാലകളും ബാർബർ ഷോപ്പുകളും തുറന്നു. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ആളുകൾ കൊവിഡിനെ പ്രതിരോധിക്കാനുളള തയ്യാറെടുപ്പോടെയാണ് പുറത്തിറങ്ങുന്നത്.
@ ദാ, ബസ്
കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണർന്നു. ഒറ്റയ്ക്കും കൂട്ടുചേർന്നും പല വഴികളിലേക്ക് പോകേണ്ടവർ പഴയതു പോലെ ബസ് കാത്തിരുന്നു. തെക്കൻ പ്രദേശത്തെ കടമ്പനാട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തിയ രാധമ്മയ്ക്ക് അടൂർ താലൂക്ക് ഒാഫീസിലേക്ക് പോകണം. സെയിൽസ് ഗേളായ ശ്രീലക്ഷ്മി അടൂരിലെ തുണിക്കടയിലേക്കാണ്. ലോക് ഡൗൺ തുടങ്ങിയപ്പോൾ ജോലിയില്ലാതായിരുന്നു. തോമസ് കോന്നിയിലെ മകളുടെ അടുത്തേക്ക് പോകുന്നു. എല്ലാവരും എട്ടുമണിയോടെ എത്തിയതാണ്. ബസ് എപ്പോൾ വരുമെന്ന് അറിയില്ല. വരുമ്പോൾ കയറിപ്പോകാമെന്ന പ്രതീക്ഷയിലിരുന്നു.
എട്ടരയ്ക്ക് അടൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസ് എത്തി. കടമ്പനാട്ട് ട്രിപ്പ് അവസാനിപ്പിച്ചു. അന്തർ ജില്ലാ സർവീസ് ഇല്ലാത്തതുകൊണ്ട് കടമ്പനാട് വരെ സർവീസ് നടത്തിയാൽ മതിയെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. നാല് കിലോമീറ്റർ കൂടി ഒാടി അതിർത്തിയായ ഏഴാംമൈൽ വരെ സർവീസ് നടത്തിയാൽ അപ്പുറത്ത് കൊല്ലം ജില്ലയാണ്.
@ എയ് ഒാട്ടോ
എല്ലാ ജംഗ്ഷനുകളിലും ഒാട്ടോറിക്ഷകൾ നിരന്നു. ബസ് സർവീസ് ആരംഭിച്ചതിനാൽ എല്ലാവരും സ്റ്റാന്റുകളിലെത്തിയിട്ടുണ്ട്. സാനിറ്റൈസർ ഒാട്ടോകളിലും സ്റ്റാന്റിലും വച്ചിട്ടുണ്ട്. പക്ഷെ, കൈനീട്ടം ഒാടിയവർ കുറവ്. ബസുകളിൽ യാത്രക്കാർ കുറവായതിനാൽ എല്ലാവർക്കും ഒാട്ടം കിട്ടിയില്ല. ഉച്ചക്ക് മൂന്ന് വരെ കൈനീട്ടം ഒാട്ടം മാത്രമാണ് കിട്ടിയതെന്ന് കല്ലുകുഴി ജംഗ്ഷനിലെ ഒാട്ടോ ഡ്രൈവർ ജോസ് പറഞ്ഞു.
@ കട്ടിംഗ് മാത്രം
ലോക് ഡൗണിൽ 57ദിവസം അടച്ചിട്ട ബാർബർ ഷോപ്പുകൾ ഇന്നലെ തുറന്നപ്പോൾ തിരക്കില്ല. പത്തനംതിട്ട നഗരത്തിലെ ബാർബർ ഷോപ്പുകളിൽ ഇന്നലെ ശരാശരി എട്ട് പേരാണ് മുടി വെട്ടാനെത്തിയത്. കട്ടിംഗ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ഷേവിംഗ് ഇല്ല. മുടി വെട്ടുന്നവർക്ക് പുതയ്ക്കാൻ ഒരേ തുണികൾ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്. മിക്കവരും തുണി വീടുകളിൽ നിന്ന് കൊണ്ടുവരുന്നു. തുണി കൊണ്ടുവരാത്തവർക്കായി ടിഷ്യു പേപ്പർ മാതൃകയിൽ പ്ളാസ്റ്റിക്ക് ചേർന്ന കോറത്തുണി ബാർബർ ഷോപ്പുകളിൽ കരുതിയിട്ടുണ്ട്. ഇതുപയോഗിക്കുമ്പോൾ ഒരാളിൽ നിന്ന് പത്ത് മുതൽ ഇരുപത് രൂപവരെ അധികം ഇൗടാക്കും. അണുനശീകരണം നടത്തിയ ശേഷമാണ് കടകൾ തുറന്നത്. മുടി വെട്ടാൻ വരുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരും എഴുതിയിടാൻ ബുക്ക് വച്ചിട്ടുണ്ട്.
@ 'പൊന്നാട'യായി
സ്വർണം വസ്ത്ര വിൽപ്പന ശാലകളും അണുനശീകരണം നടത്തിയ ശേഷം തുറന്നു. കൈ കഴുകാൻ ഹാൻഡ് വാഷും സാനിറ്റൈസറും നൽകിയ ശേഷമാണ് ജീവനക്കാരെയടക്കം കടകളിൽ പ്രവേശിപ്പിച്ചത്.