തിരുവല്ല: ബാർബർഷോപ്പുകൾ തുറന്നതോടെ നല്ലതിരക്ക്. ലോക് ഡൗൺ കാലം 'മുടിയൻമാരാക്കി'യവരെല്ലാം ക്യൂവിലാണ്. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നതെങ്കിലും കടയിലെ ചർച്ചകൾക്ക് മാറ്റമില്ല. പെരിങ്ങരയിലെ കരുണാകരന്റെ ബാർബർഷോപ്പിൽ ആദ്യ ദിവസം കൊവിഡായിരുന്നു കഥാപാത്രം. " ചൈന നല്ല പണിയാ ഒപ്പിച്ചത്.., അവരുടെ കെണിയിൽ ശരിക്കും കുടുങ്ങിയത് അമേരിക്കയാ.." എന്ന് മുടിവെട്ടുന്നതിനിടയിൽ കരുണാകരൻ ചേട്ടൻ പറഞ്ഞതോടെ മറ്റുള്ളവർ ഏറ്റുപിടിച്ചു. ഈ കുരുക്കിൽ നിന്നും ട്രംപ് എങ്ങനെ രക്ഷപ്പെടുമെന്നും പ്രവാസികളെല്ലാം കൂടി ഇങ്ങനെ നാട്ടിൽ തിരിച്ചെത്തിയാൽ എന്താകും സ്ഥിതിയെന്നുമൊക്കെയായി ചർച്ച
നല്ല തിരക്കുണ്ടായിരുന്നെങ്കിലും സാമൂഹിക അകലവും സുരക്ഷാ മുൻകരുതലുമായാണ് എല്ലാ ബാർബർഷോപ്പുകളും പ്രവർത്തിച്ചത്. രണ്ടുപേരെ മാത്രമേ കടയിലേക്ക് കയറ്റു. മുടിവെട്ടും മുമ്പും ശേഷവും സാനിട്ടറിസർ ഉപയോഗിക്കും. വന്നവരെല്ലാം മാസ്കും ധരിച്ചിരുന്നു. .
--------------------
എല്ലാവിധം നിർദ്ദേശങ്ങളും അനുസരിച്ചാണ് കട പ്രവർത്തിക്കുന്നത്.
ബാർബർ ഷോപ്പിലെ കട്ടിംഗ് ക്ളോത്തിനു പകരം സ്വന്തമായി തുണി കൊണ്ടുവന്നാൽ അതുപയോഗിച്ചു പുതപ്പിച്ച് മുടിവെട്ടാനും തയ്യാറാണ്
കുമാർ
ബാർബർഷോപ്പ് ഉടമ
വൈക്കത്തില്ലം
--------------
ലോക്ക് ഡൗൺ കാലത്ത് വരുമാനം തീരെ ഇല്ലായിരുന്നു. എങ്കിലും ചിലർ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോൾ വീടുകളിൽ മുടിവെട്ടാൻ പോയത് ആശ്വാസമായി.
ഗോപി
ബാർബർ ഷോപ്പ് ഉടമ
പെരിങ്ങര