കോന്നി: കൊവിഡ് കാലത്ത് സാധാരണക്കാരന് നികുതി വകുപ്പിന്റെ ഇരുട്ടടി.രജിസ്‌ട്രേഷൻ മേഖലയിലാണ് ഒന്നിനു പിന്നാലെ മറ്റൊരു ബാദ്ധ്യതയും സർക്കാർ ഉത്തരവിലൂടെ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.വസ്തുക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ വസ്തുവിലുള്ള വീടുകൾക്കോ, കെട്ടിടങ്ങൾക്കോ കാലപ്പഴക്കം കണക്കാക്കി നിശ്ചിത തുകആധാരത്തിൽ ചേർത്ത് ഇതിന്റെ കൂടി ശതമാനത്ത ചേർത്തായിരുന്നു മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത്.ഈ രീതി തകിടം മറിച്ച് കെട്ടിടങ്ങളുടെ വില നിശ്ചയിച്ച് ശതമാനം കണക്കാക്കുന്നത് വ്യക്തികളിൽ നിക്ഷിപ്തമാക്കുന്നതാണ് പുതിയ ഉത്തരവ്.ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു.
പുതിയ ഉത്തരവ്
കേരള മുദ്രപത്ര ആക്ടിലെ വകുപ്പ് 28 സി വ്യവസ്ഥകൾ ബാധകമായ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈ ആധാരങ്ങളിൽ ഉൾപ്പെട്ടു വരുന്ന കെട്ടിടത്തിന്റെ വില ഇനിയൊരു മാർഗനിർദ്ദേശം ഉണ്ടാകുന്നതുവരെ സർക്കാർ നിശ്ചയിച്ചിട്ടുള്ള വാല്യുവേറ്റർമാർ നൽകുന്ന വാല്യൂവേഷൻ സർട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്നതിന് രജിസ്റ്ററിംഗ് ഉദ്യോഗസ്ഥരെ അനുവദിച്ചാണ്പുതിയ ഉത്തരവ്.രജിസ്‌ട്റേഷൻ ഇൻസ്‌പെക്ടർ ജനറൽ ഇതു സംബന്ധിച്ച് ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു.ഇത് വിശദമായി സർക്കാർ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല
വാല്യൂവേറ്റർമാർ വാല്യുവേഷൻ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളോ,നിർദേശങ്ങളോ ഈ ഉത്തരവിലില്ലന്നതാണ് പ്രത്യേകത.കെട്ടിടങ്ങളുടെ കാലപ്പഴക്കം,വാർത്ത കെട്ടിടം,ഓടിട്ടതും,ഷീറ്റിട്ടതുമായ കെട്ടിടങ്ങൾ ഇവയെല്ലാം വാല്യുവേഷനിൽ മാനദണ്ഡമാക്കേണ്ടതാണ്.ഇതനുസരിച്ചാവണം സ്‌ക്വയർ ഫീറ്റിന് തുക നിശ്ചയിക്കേണ്ടത്.എന്നാൽ വാല്യുവേറ്റർമാർക്ക് ഇഷ്ടമുള്ള തുക സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി ക്രമക്കേടുകൾ നടത്താനുള്ള അവസരം ഇതിലൂടെ ഒരുക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അഴിമതിക്ക് വഴിയൊരുക്കും
സാധാരണക്കാർ വാല്യൂവേറ്റർമാരുടെ സൗകര്യം അനുസരിച്ച് അവരുടെ മറ്റെല്ലാ ജോലികളും തീർത്ത് വൈകുന്നേരങ്ങളിലാണ് വാല്യുവേഷന് വാഹനങ്ങൾ വിളിച്ച് കൂട്ടികൊണ്ടു പോകുന്നത്.2000 മുതലുള്ള തുകയും ഇവർക്ക് നൽകുകയും വേണം.പണത്തിന്റെ തോത് അനുസരിച്ച് പണമുള്ളവന് തന്റെ കെട്ടിടത്തിന്റെ നികുതി അടവ് കുറപ്പിക്കാനും സാധിക്കും.സാധാരണക്കാരന് ഈ ബുദ്ധിമുട്ടുകൾക്കിടയിലാണ് കഴിഞ്ഞ ദിവസം വസ്തുവിന്റെ താരിഫ് വില10ശതമാനം പതിവുപോലെ വർദ്ധിപ്പിച്ചതും.
ആധാരമെഴുത്തുകാരായിരുന്നു മുമ്പ് വസ്തുവിലെ കെട്ടിടങ്ങളുടെ പഴക്കവും,ഘടനയും കണക്കാക്കി വാല്യുവേഷൻ തുക ആധാരത്തിൽ ചേർത്ത് രജിസ്‌ട്രേഷൻ നടത്തിയിരുന്നത്.ഇതിന് തടയിടാനാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നതെങ്കിലും,ഇവിടെ വാല്യൂവേറ്റർമാരുടെ നിഷ്പക്ഷതയും, നീതിപൂർവമുള്ള കൃത്യനിർവഹണവും ചോദ്യപ്പെടാൻ തന്നെയാണ് സാദ്ധ്യത.
ശ്രാവൺ ശബരി
(യുവ സാമ്പത്തിക നിരീക്ഷകൻ)