photo
കൊറോണ പരിശോധന പൂർത്തീകരിച്ചവർക്ക് കെ.യു. ജനീഷ് കുമാർ എം.എൽ.എ സർട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നു

കോന്നി : അന്യ സംസ്ഥാന തൊഴിലാളികളെ യാത്രയാക്കാൻ കോന്നിയൊരുങ്ങി.ഈ ആഴ്ച മുതൽ വിവിധ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിൽ കോന്നിയിലെ അന്യ സംസ്ഥാന തൊഴിലാളികൾ യാത്ര തിരിക്കും.കോട്ടയത്തുനിന്ന് ഉത്തർപ്രദേശിലേക്കും,തിരുവല്ലയിൽ നിന്നും ബംഗാളിലേക്കുമാണ് ഇവരെ യാത്രയാക്കുന്നത്.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് വില്ലേജ് ഓഫീസ് വഴിയാണ് നാട്ടിൽ പോകാൻ തയാറുള്ള അന്യസംസ്ഥാനത്തൊഴിലാളികളുടെ ലിസ്​റ്റ് ശേഖരിക്കുന്നത്. യാത്രയാകാൻ തയാറാക്കിയിട്ടുള്ള ലിസ്​റ്റിൽ ഉൾപ്പെട്ട തൊഴിലാളികളുടെ മെഡിക്കൽ സ്‌ക്രീനിംഗ് കോന്നി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.

ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്

ആരോഗ്യ വകുപ്പിന്റെ ടീം തൊഴിലാളികൾക്ക് ടെമ്പ്റേച്ചറുൾപ്പടെയുള്ള കൊവിഡ് ലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ചു.തുടർന്ന് ആരോഗ്യ വകുപ്പ് ഫി​റ്റ്‌നെസ് സർട്ടിഫിക്ക​റ്റ് നല്കി.

ഐ.ഡി.കാർഡ് പരിശോധന


റവന്യൂ വകുപ്പ് തൊഴിലാളികളുടെ ഐ.ഡി.കാർഡ് ഉൾപ്പടെയുള്ള രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തി.ആയുഷ് ഡിപ്പാർട്ട്‌മെന്റ് നല്കിയ ഹോമിയോ മെഡിക്കൽ കി​റ്റ് എം.എൽ.എ തൊഴിലാളികൾക്ക് വിതരണം ചെയ്തു.ഇമ്മ്യൂണി​റ്റി ബൂസ്​റ്റർ,ഐ ഡ്രോപ്‌സ്,മസാജ് ഓയിൽ ഉൾപ്പടെയുള്ള കി​റ്റാണ് ആയുഷ് ഡിപ്പാർട്ട്‌മെന്റ് നല്കിയത്.

53 തൊഴിലാളികളുടെ സ്‌ക്രീനിംഗ് പൂർത്തിയായി


53 തൊഴിലാളികളുടെ സ്‌ക്രീനിംഗാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. കോട്ടയത്ത് നിന്നും തിരുവല്ലയിൽ നിന്നുമുള്ള ട്രയിനിന്റെ സമയക്രമം പ്രഖ്യാപിക്കുന്നതനുസരിച്ച് ഇവരെ യാത്രയാക്കും.കോന്നി തഹസിൽദാർ കെ.ശ്രീകുമാർ,ആരോഗ്യവകുപ്പ് ജില്ലാ നോഡൽ ഓഫീസർ ഡോ.ശ്രീകുമാർ, കോന്നി താലൂക്ക് ആശുപത്റി ആർ.എം.ഒ ഡോ.അരുൺ ജയപ്റകാശ്,ആയുഷ് നോഡൽ ഓഫീസർ ഡോ.എബി ഏബ്രഹാം,ഡോ.റജികുമാർ,ഡപ്യൂട്ടി തഹസിൽദാർമാരായ സി.കെ.സജീവ് കുമാർ,ഷാജഹാൻ റാവുത്തർ,കെ.മഞ്ജുഷ,ഷൈനി,കോന്നി വില്ലേജ് ഓഫീസർ മധുസൂദനൻ,താലൂക്ക് ഓഫീസ് ജീവനക്കാരനായ എസ്.ശ്യാംകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കോന്നിയിൽ കുടുങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികളെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ എല്ലാ സഹായവും ചെയ്യും.ആദ്യഘട്ടത്തിൽ 53 പേരുടെ രോഗ പരിശോധനയും തുടർ നടപടികളുമാണ് പൂർത്തീകരിച്ചത്.ഇവരെ ആദ്യഘട്ടത്തിൽ നാട്ടിലേക്ക് യാത്രയാക്കും.വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കും.

കെ.യു. ജനീഷ് കുമാർ

(എം.എൽ.എ)

-ആദ്യഘട്ടത്തിൽ പോകുന്നത് 53 തൊഴിലാളികൾ

-കോട്ടയത്ത് നിന്ന് ഉത്തർപ്രദേശിലേക്കും,

തിരുവല്ലയിൽ നിന്ന് ബംഗാളിലേക്കും യാത്ര