പത്തനംതിട്ട : കളക്ടറുടെ മുമ്പിൽ റിപ്പോർട്ട് ചെയ്യാനെത്തിയ സർക്കാർ ജീവനക്കാരുടെ തിരക്കായിരുന്നു ഇന്നലെ കളക്ടറേറ്റിൽ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഓഫീസുകളിൽ ഹാജരാകാൻ കഴിയാത്ത സർക്കാർ ജീവനക്കാർ അതാത് ജില്ലയിലെ കളക്ടറുടെ മുമ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ജീവനക്കാരെത്തിയത്. ചൊവ്വാഴ്ച കുറേപ്പേർ എത്തിയിരുന്നെങ്കിലും അടുത്തദിവസമെത്താനായിരുന്നു അറിയിച്ചത്. ഇതോടെയാണ് ഇന്നലെ തിരക്ക് കൂടിയത്. ഇരുനൂറോളം പേരുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 ന് ശേഷം റിപ്പോർട്ട് നടത്താൻ അധികൃതർ തയാറായില്ലെന്ന് ആരോപിച്ച് .കളക്ടറേറ്റ് ജീവനക്കാരുമായി തർക്കവുമുണ്ടായി.
പിന്നീടാണ് റിപ്പോർട്ട് രേഖപ്പെടുത്താൻ തുടങ്ങിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ജോലി ചെയ്യുന്ന ജില്ലയിലെ ജീവനക്കാർ എത്തിയിരുന്നു.
എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. പക്ഷെ സാമൂഹിക അകലം പാലിച്ചിരുന്നില്ല. റിപ്പോർട്ട് ചെയ്ത സ്ത്രീകളോട് അതാത് താലൂക്കിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ അടുത്ത ദിവസമെത്തണം.
-------------------------
" കണ്ണൂരിൽ നിന്ന് രണ്ട് ദിവസമായി റിപ്പോർട്ട് ചെയ്യാൻ എത്തിയിട്ട്. അതാത് താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിരുന്നെങ്കിൽ ഇത്ര തിരക്ക് ഉണ്ടാകുമായിരുന്നില്ല. ഇത്രയും ആളുകൾ എത്തിയിട്ടും ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലായിരുന്നു. മറ്റ് ജില്ലകളിൽ പ്രൊഫോർമ പൂരിപ്പിച്ച് നൽകിയിട്ട് വിവരങ്ങൾ അറിയിക്കാം എന്നാണ് പറയുന്നത്. ഇവിടെ മണിക്കൂറുകളാണ് ജീവനക്കാരെ നിറുത്തിയത്.
കളക്ടറേറ്റിലെത്തിയ
ജീവനക്കാരൻ
--------------------
"ഇന്നലെ കളക്ടറേറ്റിലെത്തിയവരെ അതാത് താലൂക്കുകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. അവരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കും. ഓരോരുത്തർക്കും ജോലി അസൈൻ ചെയ്ത് നൽകും
എ.ഡി.എം പത്തനംതിട്ട