പത്തനംതിട്ട: ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച ശബരിമല കൊടിയേറ്റ് ഉത്സവം ജൂൺ 19 മുതൽ 28 വരെ നടത്താമെന്നറിയിച്ച് തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്ത് നൽകി. മിഥുനമാസ പൂജയ്ക്ക് നട തുറക്കുന്നത് ജൂൺ 14നാണ്. 19ന് മാസ പൂജ അവസാനിക്കുന്ന ദിവസം മുതൽ ഉത്സവം നടത്താൻ സാധിക്കുമോയെന്ന് തന്ത്രിയാേട് ദേവസ്വം ബോർഡ് ആരാഞ്ഞിരുന്നു.

മിഥുന മാസത്തിൽ തന്നെ ഉത്സവം നടത്തണമെന്നാണ് തന്ത്രിയുടെ അഭിപ്രായം. ലോക് ഡൗൺ നിയന്ത്രണം കാരണം ഭക്തർക്ക് എത്താൻ കഴിയാതിരുന്നാൽ ചടങ്ങ് മാത്രമാക്കി നടത്താനാണ് ബോർഡിന്റെ ആലോചന. നാലാം ഘട്ട ലോക് ഡൗൺ തീരുന്ന 31ന് ശേഷം ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനാനുമതി ലഭിക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. കർക്കടക മാസത്തിൽ ഉത്സവങ്ങൾ നടത്താറില്ല. പിന്നീട് വരുന്നത് ചിങ്ങമാണ്. അത് അടുത്ത വർഷത്തെ ഉത്സവമായി മാറും.

എല്ലാ വർഷവും മാർച്ച് 29 മുതൽ ഏപ്രിൽ ഏഴു വരെയാണ് ശബരിമല ഉത്സവം . അയ്യപ്പന്റെ നാളായ മീനമാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആറാട്ടോടെയാണ് സമാപിക്കുന്നത്.ഇൗ വർഷത്തെ കൊടിയേറ്റ് ഉത്സവം, വിഷു ഉത്സവം, രണ്ട് മാസ പൂജകൾ എന്നിവ നടന്നില്ല. ദേവസ്വം ബോർഡിന് 51 കോടിയുടെ വരുമാന നഷ്ടമുണ്ടായി. കൊടിയേറ്റ് ഉത്സവത്തിന് 10 കോടിയുടെ വരുമാനമാണ് ലഭിക്കുന്നത്.

'' മിഥുന മാസ പൂജയോടനുബന്ധിച്ച് ഉത്സവം നടത്താമെന്ന് തന്ത്രി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയിലെ ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകും'' .

-എൻ. വാസു,

ദേവസ്വം ബോർഡ് പ്രസിഡന്റ്.