പത്തനംതിട്ട : ക്വാറന്റൈനിൽ കഴിയാനായി കണ്ടെത്തിയ സ്ഥാപനങ്ങൾ പെയ്ഡ് സെന്ററാക്കിയതിന് പിന്നാലെ അതിന്റെ നവീകരണ ചെലവുകൾ പഞ്ചായത്ത് വഹിക്കണമെന്ന നിലപാട് പ്രതിഷേധാർഹമാണെന്ന് കോന്നി പഞ്ചായത്ത് പ്രസിഡന്റ് എം.രജിനി അറിയിച്ചു.കൊവിഡ് 19മായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്തിൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവർക്ക് ക്വാറന്റൈനിൽ കഴിയാനായി രാജ് റസിഡൻസി, സൂര്യഹോട്ടൽ, ക്രിസ്തുരാജ് ആശുപത്രി,കുട്ടീസ് റസിഡൻസി എന്നീ സ്ഥാപനങ്ങൾ കണ്ടെത്തുകയും സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.ഇവയെ ഇപ്പോൾ സർക്കാരിന്റെ ഉത്തരവനുസരിച്ച് പെയ്ഡ് സെന്ററാക്കി മാറ്റി. ഇപ്പോൾ ഇതിന്റെ മൊത്ത ബാദ്ധ്യതയും പഞ്ചായത്തിന്റെ ചുമതലയിൽ വച്ചു തരികയാണ്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ സി.പി.എമ്മിന്റെ അനാവശ്യ സമരത്തിന് ഗൂഢലക്ഷ്യമുണ്ടെന്നും അവർ പറഞ്ഞു.