പത്തനംതിട്ട: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം ജില്ലയിൽ പൊതുജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. ജില്ലയിൽ ആദ്യദിവസം ഏഴ് ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തിയത് 78 സർവീസാണ്.

ഇന്നലത്തെ സർവീസ്

പത്തനംതിട്ട - 13

കോന്നി - 6

അടൂർ - 16,

തിരുവല്ല - 19,

മല്ലപ്പള്ളി - 14,

റാന്നി, പന്തളം ഡിപ്പോകളിൽ നിന്നും 5 വീതം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം കയറ്റിയാണു സർവീസുകൾ നടത്തുന്നത്. രാവിലെ 7 മുതൽ രാത്രി 7 ന് അവസാനിക്കുന്ന രീതിയിലാണു സർവീസുകൾ ആരംഭിച്ചത്.12 രൂപയാണ് മിനിമം ചാർജ്.ഓർഡിനറി ബസുകളാണ് ആദ്യദിനത്തിൽ സർവീസ് നടത്തിയത്.തിരുവല്ല ഡിപ്പോയിൽ നിന്നും നീരേറ്റുപുറം, പത്തനംതിട്ട, റാന്നി, വീയപുരം, ഓതറ എന്നിവിടങ്ങളിലേക്കാണു സർവീസ് നടത്തിയത്.പത്തനംതിട്ടയിൽ നിന്ന് തിരുവല്ല, അടൂർ, റാന്നി, ഇലവുംതിട്ട, കലഞ്ഞൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി.പന്തളത്ത് നിന്നും പത്തനംതിട്ടയിലേക്കും അടൂർ വഴി ഏനാത്തേക്കുമാണു സർവീസ്.അടൂരിൽ നിന്ന് ഏനാത്ത്, പത്തനംതിട്ട ഭാഗത്തേക്കും മല്ലപ്പള്ളിയിൽ നിന്നും തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ട എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി.30 മുതൽ 45 മിനിട്ട് വരെ ഇടവേളകളിലാകും ബസ് സർവീസ് നടത്തുക. അധിക സർവീസുകൾ ആരംഭിച്ചതോടെ സർക്കാർ ജീവനക്കാർക്കായി നടത്തിയ സ്‌പെഷൽ സർവീസുകൾ ഉണ്ടാകില്ല. യാത്രകാരുടെ തിരക്കനുസരിച്ച് വരുംദിവസങ്ങളിൽ സർവീസുകൾ കൂടുതൽ നടത്തുകയോ കുറയ്ക്കുകയോ ചെയ്യും.