പത്തനംതിട്ട: ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 13ന് മുംബൈയിൽനിന്നെത്തിയ മെഴുവേലി സ്വദേശിയായ 37 കാരനും 14ന് കുവൈറ്റിൽ നിന്നെത്തിയ റാന്നി പെരുനാട് സ്വദേശിയായ 34കാരിയായ ഗർഭിണിക്കുമാണ് രോഗം . ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി.
ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ച കടപ്ര സ്വദേശിയായ 30 കാരനൊപ്പം മുംബൈയിൽ നിന്ന് എത്തിയ ആളാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മെഴുവേലി സ്വദേശി. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു പത്തനംതിട്ട ജില്ലക്കാരന്റെ പരിശോധനാഫലം ലഭിക്കാനുണ്ട്. 13ന് മുംബൈയിൽ നിന്ന് ബസ് മാർഗം കോഴിക്കോട്ടെത്തിയ 20 അംഗ സംഘത്തിൽ മൂന്നുപേരാണ് പത്തനംതിട്ട ജില്ലക്കാരായുണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർക്കാണ് രണ്ടുദിവസമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈ കൊളാബയിൽ ജോലി ചെയ്തുവന്നിരുന്നവരാണിവർ. ഇവർ സഞ്ചരിച്ചിരുന്ന ബസിൽ യാത്രക്കാരായിരുന്ന ഇതര ജില്ലകളിൽപെട്ടവരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് മൂന്ന് പത്തനംതിട്ട സ്വദേശികളും കോട്ടയം ജില്ലക്കാരനായ മറ്റൊരാളും ടാക്‌സി കാറിലാണ് നാടുകളിലെത്തിയത്. ഇലന്തൂരിലെ കോവിഡ് കെയർ സെന്ററിലാണ് മെഴുവേലി സ്വദേശി കഴിഞ്ഞുവന്നിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷനിലാക്കി.
ഗർഭിണിയായ യുവതി വീട്ടിൽ ക്വാറന്റൈനിലായിരുന്നു. കുവൈറ്റിൽ സ്റ്റാഫ് നഴ്‌സായ ഇവരെയും രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.
--------
രോഗം പുറത്തുനിന്നെത്തിയവർക്ക്
കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരിലാണ് രോഗം കണ്ടുവരുന്നത്. ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ 12 മുതൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ചുവരുന്നു. 12, 14 തീയതികളിൽ ഓരോരുത്തരിലും 18ന് രണ്ടുപേരിലും 19ന് ഒരാളിലും ഇന്നലെ രണ്ടുപേരിലുമായി കോവിഡ് 19 പരിശോധനാഫലം പോസിറ്റീവായി ലഭിച്ചു. മാർച്ച് ഏഴ് മുതലുള്ള രണ്ടാംഘട്ടത്തിൽ 17 പേരിലാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ പത്തുപേരും വിദേശത്തുനിന്നു വന്നവരായിരുന്നു. ഒരാൾ ഡൽഹിയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയും ആറുപേർ സമ്പർക്കത്തിലൂടെ രോഗം പകർന്നവരുമായിരുന്നു.