അടൂർ : നഗരസഭ കൗൺസിലിൽ യോഗത്തിൽ ചർച്ചചെയ്യാതെ നഗരസുഭിക്ഷ പദ്ധതി ചിറ്റയം ഗോപകുമാർ എം. എൽ. എ ഏകപക്ഷീയമായി നടത്താൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ബി. ആർ. സി ഹാളിലായിരുന്നു യോഗം. നഗരസഭയുടെ തനതു വർഷത്തെ പദ്ധതി തുക വിനിയോഗിച്ച് മറ്റ് പദ്ധതികൾ നടപ്പിലാക്കാനാണ് എം. എൽ. എ യുടെ ശ്രമമെന്ന് യു. ഡി. എഫ് കൗൺസിലർമാർ ആരോപിച്ചു. നഗരസഭ കൗൺസിൽ അംഗീകരിച്ച് ഡി. പി.സി അംഗീകാരം വാങ്ങിച്ച പദ്ധതികളാണ് കൊവിഡുമായി ബന്ധപ്പെട്ട് എം. എൽ. എ സംഘടിപ്പിക്കുന്ന സുഭിക്ഷ നഗരം എന്ന പദ്ധതിയ്ക്കു വേണ്ടി മാറ്റേണ്ടിവരുന്നത്. ഇത് സംബന്ധിച്ച് നാളിതുവരെ നഗരസഭ കൗൺസിലിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല. യാഥാർത്ഥ്യം ഇതായിരിക്കേ എം.എൽ. എ സ്വയം പദ്ധതി പ്രഖ്യാപിച്ച് യോഗം വിളിച്ചു ചേർത്തത് നഗരസഭയുടെ അധികാരത്തെ കവർന്നെടുത്തും, ഭരണ സമിതിയെ നോക്കുകുത്തിയാക്കുകയുമാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. യോഗം ബഹിഷ്ക്കരിച്ചശേഷം ബി. ആർ. സി കവാടത്തിനു മുന്നിൽ ചേർന്ന പ്രതിഷേധ യോഗം യു. ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ ഉമ്മൻതോമസ് ഉദ്ഘാടനം ചെയ്തു, സെക്രട്ടറി എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു.. കൗൺസിലർമാരായ അഡ്വ: ബിജു വർഗീസ്, അന്നമ്മ ഏബ്രഹാം, അജി പാണ്ടിക്കുടി, റീനാ ശാമുവൽ, സൂസി ജോസഫ്, എ. മുംതാസ്, അനിതകുമാരി എന്നിവർ പ്രസംഗിച്ചു,,