ചെങ്ങന്നൂർ : നഗരസഭാ കൊവിഡ് കെയർ സെന്ററിൽ 22 പേരെ കൂടി നിരീക്ഷണത്തിലാക്കി. റഷ്യ, കുവൈറ്റ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ബുധനാഴ്ച എത്തിയത്. കഴിഞ്ഞരാത്രി വൈകി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ പരിശോധനയ്ക്ക് ശേഷം ബുധനാഴ്ച വൈകിട്ട് കെ എസ് ആർ ടി സി ബസിൽ ചെങ്ങന്നൂരിൽ എത്തിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് എല്ലാവരും. ചേർത്തല, അരൂർ ,ആലപ്പുഴ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ നിറഞ്ഞതിനാലാണ് ചെങ്ങന്നൂരിൽ പാർപ്പിക്കുന്നത്. ഇതോടെ നഗരസഭയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 99 ആയി . നഗരത്തിലെ ഹോട്ടലുകളായ ശാന്തി പാലസ്, പൗർണമി എന്നിവിടങ്ങളാണ് നീരീക്ഷണ കേന്ദ്രങ്ങൾ.120 പേരെയാണ് ചെങ്ങന്നൂരിൽ താമസിപ്പിക്കാൻ കഴിയുന്നത്. ഇതിൽ കൂടുതൽപേർ എത്തിയാൽ പഞ്ചായത്തുതലങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് തഹസീൽദാർ എം.ബിജുകുമാർ പറഞ്ഞു.